വാഷിങ്ടൻ ∙ യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ഓപ്പറേഷൻ സിന്ദൂർ’ പ്രചാരണവിഷയമാക്കി. ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി താനാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതെന്ന് ഫ്ലോറിഡയിലെ പ്രചാരണറാലിയിൽ ട്രംപ് അവകാശപ്പെട്ടു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചുവീഴ്ത്തിയെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ–പാക്ക് സൈനികനടപടി അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഐക്യരാഷ്ട്രസംഘടനയിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നു പറഞ്ഞ ട്രംപ് നൊബേൽ സമ്മാനം ലഭിക്കാത്തതിലെ നിരാശ പങ്കുവച്ചു.
പഹൽഗാമിലെ കൂട്ടക്കുരുതിക്ക് തിരിച്ചടിയായി 2025 മേയിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന് മുൻപും ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ നേരത്തേതന്നെ ഈ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു. നവംബർ 3ന് ആണ് യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ്.








