മുംബൈ ∙ ഡേറ്റിങ് ആപ്പുകൾ വഴി ധനികരായ പുരുഷന്മാരെ കെണിയിൽ വീഴ്ത്തി, കോടികൾ തട്ടിയെടുക്കുന്ന വൻ സെക്സ് റാക്കറ്റിനെ പിടികൂടി നാഗ്പുർ പൊലീസ്. റാക്കറ്റിന്റെ സൂത്രധാരനായ ആഗ്ര സ്വദേശി 35 വയസ്സുകാരൻ ആദിത്യ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അതീവ ആസൂത്രിതമായി പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പക്കൽ നിന്ന് ഇരുന്നൂറിലധികം യുവതികളുടെ നാന്നൂറിലധികം നഗ്നദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. അവസാന ഇരയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസ് വലയിലായത്.എൻജിനീയർമാരും മറ്റ് തൊഴിൽ ചെയ്യുന്നവരുമായ, പണത്തിന് ആവശ്യക്കാരായ വിദ്യാസമ്പന്നരായ യുവതികളെയാണ് ആദിത്യ ഗുപ്ത ലക്ഷ്യമിട്ടിരുന്നത്. ഇവർക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്താണ് സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്. ജനപ്രിയ ഡേറ്റിങ് ആപ്പുകളിൽ യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ധനികരായ പുരുഷന്മാരെ ആകർഷിക്കുന്നതായിരുന്നു ശൈലി. കെണിയിൽ വീഴുന്ന പുരുഷന്മാരുമായി യുവതികൾ അടുപ്പത്തിലാവുകയും, തുടർന്ന് നടത്തുന്ന വിഡിയോ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും ചെയ്യും.
ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ആദിത്യ ഗുപ്ത രംഗത്തെത്തും. യുവതികളുടെ നിയമ ഉപദേശകൻ അല്ലെങ്കിൽ സാമൂഹിക പ്രവർത്തകൻ എന്ന വ്യാജേന ഇയാൾ പൊലീസിനെ സമീപിക്കും. കർശനമായ സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്ത്, ഇരകൾക്കെതിരെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിന്മേൽ സമ്മർദം ചെലുത്തും. കേസ് റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, പരാതി പിൻവലിക്കാനും കേസ് ഒത്തുതീർപ്പാക്കാനുമായി ഇരകളിൽ നിന്ന് കോടിക്കണക്കിനു രൂപ ഇയാൾ ആവശ്യപ്പെടും.യുവതികൾക്ക് വേണ്ടി പൊലീസിനെ സമീപിക്കുന്നതിൽ ആദിത്യ ഗുപ്ത കാട്ടിയ അമിത താൽപര്യമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. പ്രതിയെ കുടുക്കാൻ പൊലീസ് തന്ത്രപൂർവം നീങ്ങി. ഇയാളുടെ ഒടുവിലത്തെ ഇരയായ ഇർഫാൻ എന്ന വ്യക്തിയെ പൊലീസ് വിശ്വസ്തതയിലെടുത്ത് നാഗ്പുരിൽ എത്തിച്ചു. ഇർഫാനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ബ്ലാക്ക്മെയിലിങ് വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അറസ്റ്റിൽ പ്രതിയുടെ ഫോണിൽ നിന്ന് നാന്നൂറിലധികം അശ്ലീല വിഡിയോകൾ പൊലീസ് കണ്ടെടുക്കുകയായിരുന്നു.
അഞ്ച് വർഷം മുമ്പ് ആഗ്രയിലെ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഒളിവിൽ പോയ ആദിത്യ ഗുപ്ത പിന്നീട് മഹാരാഷ്ട്രയിലാണ് താവളമടിച്ചത്. ആഗ്രയിൽ സഹോദരൻ നൽകിയ മോഷണക്കേസിലും ഇയാൾ പ്രതിയാണ്. മുതിർന്ന രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ തന്റെ വാട്സാപ്പ് പ്രൊഫൈൽ ചിത്രമാക്കിയാണ് ഇയാൾ നടന്നിരുന്നത്. നേതാക്കളുമായും ഉദ്യോഗസ്ഥരുമായും വലിയ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്. വൻകിട ആഡംബര കാറുകളിൽ സഞ്ചരിച്ചിരുന്ന ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നത്.
ഡൽഹി, പുണെ, നാഗ്പുർ തുടങ്ങിയ മെട്രോ നഗരങ്ങളിലെ എത്രയധികം ആളുകൾ ഈ റാക്കറ്റിന്റെ ഇരകളായിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. നിലവിൽ നാഗ്പുരിൽ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതീവ സങ്കീർണമായ രീതിയിലാണ് ബ്ലാക്ക്മെയിലിങ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും നാഗ്പുർ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാഹുൽ മദാനെ അറിയിച്ചു.








