Headlines

സ്പാ പീഡനം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ സുഹൃത്തായ ഉദ്യോഗസ്ഥയ്ക്കും പങ്ക്?, അന്വേഷണം കൂടുതൽ പേരിലേക്ക്

കോവളം (തിരുവനന്തപുരം) ∙പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെ സ്പാകളിൽ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. റിമാൻഡിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ സുഹൃത്തെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ഇവരെക്കുറിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് വിവരം.

അതേസമയം, മനോനില വീണ്ടെടുക്കാൻ അതിജീവിതയ്ക്ക് കൗൺസലിങ് ലഭ്യമാക്കാൻ അപേക്ഷ നൽകിയതായി അന്വേഷണ സംഘം അറിയിച്ചു. വിക്ടിം സപ്പോർട്ട് ഓഫിസർ എന്ന പേരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ എസ്ഐടിയിൽ ഉൾപ്പെടുത്തും. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് നാളെ അപേക്ഷ സമർപ്പിക്കും. അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

സ്പാ ഉടമകളായ സജിത്ത് കുമാർ (47), നിഷാന്ത് (46), അതിജീവിതയുടെ ഇളയമ്മ, ഭർത്താവ്, ഉള്ളൂർ സോണൽ ഓഫിസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് (47) എന്നിവരാണ് റിമാൻഡിലുള്ളത്. അന്വേഷണ ഏകോപനം, രഹസ്യ സ്വഭാവം എന്നിവ മുൻനിർ‌ത്തി എസ്ഐടി ഓഫിസ് പ്രവർത്തനം കോവളം സ്റ്റേഷനിൽ നിന്നു നഗരത്തിലേക്കു മാറ്റി.