ഡൽഹി: വിവാദലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഹർദീപ് സിംഗ് പുരിയുടെ വാദങ്ങൾ തെറ്റെന്ന് തെളിഞ്ഞെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഏത് തരം ആളുകളെയാണ് മോദി ചുറ്റും ഇരുത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രതിനിധി സംഘത്തോടൊപ്പമാണ് എപ്സ്റ്റീനെ കണ്ടതെന്ന് ഹർദീപ് സിംഗ് പുരി കള്ളം പറഞ്ഞെന്ന് ടിഎംസി എംപി മഹുവ മൊയിത്ര ആരോപിച്ചു. മറ്റുള്ളവരെ മേശക്കടിയിൽ ഒളിപ്പിച്ചോയെന്നും മഹുവ മൊയ്ത്രയുടെ പരിഹാസം.
ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘത്തിനൊപ്പമാണ് ജെഫ്രി എപ്സറ്റീനെ കണ്ടതെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മുമ്പ് നൽകിയ വിശദീകരണം. ഈ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നത്. പുറത്തുവന്ന പത്തിനടുത്ത് ചിത്രങ്ങളിൽ ഉള്ളത് എപ്സ്റ്റീനും ഹർദീപ് സിംഗ് പുരിയും മാത്രം. കൂടെയുണ്ടായിരുന്നവർ മേശയ്ക്കടിയിൽ ഒളിച്ചോ എന്ന് നേതാക്കൾ പരിഹസിച്ചു.കുറ്റകൃത്യം നടത്തിയ അതേമുറിയിൽ വച്ചാണ് ഹർദീപ് സിംഗ് പുരിയുമായുള്ള എപ്സ്റ്റീന്റെ കൂടിക്കാഴ്ചയെന്നും ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം. ലൈംഗിക കുറ്റവാളിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടും മോദിയ്ക്കും അമിത് ഷായ്ക്കും മൗനമെന്ന് കോൺഗ്രസ്. ഈ സർക്കാരിൽ നിന്ന് സ്ത്രീ സുരക്ഷയിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എഐസിസി ജനറൽ കെ സി വേണുഗോപാൽ ചോദിച്ചു. എന്നാൽ പുതിയ ചിത്രങ്ങൾ പുറത്തുവന്നതിൽ ഹർദീപ് സിംഗ് പുരിയും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.








