Headlines

സൽമാൻ ഖാൻ, രൺവീർ സിങ്, രോഹിത് ഷെട്ടി, ടൈഗർ ഷ്റോഫ്… തോക്കിൻമുനയിൽ ബോളിവുഡ്; ഭീതിയിലാഴ്ത്തി ബിഷ്ണോയ് സംഘം

മുംബൈ ∙ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനുമെല്ലാം വിറപ്പിച്ച മുംബൈയിൽ ഇപ്പോൾ ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘമാണു ബോളിവുഡിന്റെ പേടിസ്വപ്നം. അവർ ഉതിർക്കുന്ന വെടിയുണ്ടകൾ ഹിന്ദി സിനിമാലോകത്ത് ആശങ്കയുടെ അലകൾ സൃഷ്ടിക്കുന്നു. നടൻ ജാക്കി ഷ്റോഫിന്റെ മകനും നടനുമായ ടൈഗർ ഷ്റോഫ് ഞായറാഴ്ചയുണ്ടായ വെടിവയ്പിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ ഏറെക്കാലമായി ബിഷ്ണോയ് സംഘത്തെ ഭയന്ന് പൊലീസിന്റെ അതീവ സുരക്ഷയിലാണ്. ഹിറ്റ് സംവിധായകൻ രോഹിത് ഷെട്ടിയെയും ഉന്നംവച്ചിരുന്നു. നടൻ രൺവീർ സിങ്ങിനു നേരെയായി തുടർന്നുള്ള ഭീഷണി. കൊമീഡിയൻ കപിൽ ശർമയെ വിറപ്പിച്ചതു കാനഡയിലെ അദ്ദേഹത്തിന്റെ കോഫി ഷോപ്പിനു നേരെ വെടിവച്ചാണ്.

11 സംസ്ഥാനങ്ങളിലായി ബിഷ്ണോയ് സംഘത്തിന് 700 ഷൂട്ടർമാരുണ്ടെന്നാണു വിവരം. ഇതിൽ 300 പേരും പഞ്ചാബിലാണ്. പലരും അതതു പ്രദേശങ്ങളിലെ ചെറുകിട ഗുണ്ടകൾ മാത്രമാണ്. ടൈഗർ ഷ്റോഫിനു നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായ 3 പേരിൽ ഒരാൾ ആപ് അധിഷ്ഠിത ബൈക്ക് ഡ്രൈവറും മറ്റു 2 പേർ ചെറുകിട ജോലികൾ ചെയ്യുന്നവരുമാണ്.

ബോളിവുഡ് താരങ്ങൾക്കു നേരെ ഇത്തരം ആളുകളെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പതിവ്. ചിലപ്പോൾ ഷാർപ് ഷൂട്ടർമാരെയും ദൗത്യം ഏൽപിക്കും. മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖി, പഞ്ചാബി ഗായകൻ സിദ്ദു മൂസാവാല, കർണിസേന തലവൻ സുഖ്ദേവ് സിങ് എന്നിവരുടെ കൊലപാതകങ്ങൾ ബിഷ്ണോയ് സംഘത്തെ രാജ്യത്തു കുപ്രസിദ്ധമാക്കി.

ടൈഗർ ഷ്റോഫ്

ആക്‌ഷൻ താരം. തയ്ക്വാൻഡോയിൽ 5ാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ്. ഫൈറ്റ് സീനുകൾ ഡ്യൂപ് ഇല്ലാതെ ചെയ്യാറുണ്ട്. 2014ൽ ഹീറോപന്തി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ബാഗി, ബാഗി 2, വാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്‌ഷൻ ഹീറോ പരിവേഷം. സൽമാനുമായി സൗഹൃദം. ടൈഗറിന്റെ പിതാവ് ജാക്കി ഷ്റോഫ് സൽമാന്റെ ഉറ്റ സുഹൃത്താണ്.
ക്രിമിനൽ സംഘത്തലവനായത് കോൺസ്റ്റബിളിന്റെ മകൻ

ഹരിയാന പൊലീസ് കോൺസ്റ്റബിളിന്റെ മകനായി പഞ്ചാബിലാണ് ലോറൻസ് ബിഷ്ണോയിയുടെ ജനനം. 2009 ൽ ചണ്ഡിഗഡിൽ നിയമപഠനകാലത്ത് യൂണിയൻ പ്രസിഡന്റിനു നേരെയാണ് ആദ്യമായി വെടിയുതിർത്തത്. ജയിലിൽ നിന്നിറങ്ങിയതോടെ ഗുണ്ടാപരിവേഷമായി. വിദ്യാർഥി സംഘടനയിൽ സജീവമായെങ്കിലും ഗുണ്ടാപ്പണി കൂടിയതോടെ പഠനം ഉപേക്ഷിച്ചു. സഹപാഠിയായിരുന്ന ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജിത് സിങ്ങും (ഇപ്പോൾ വിദേശത്ത്) ബിഷ്ണോയ്ക്ക് ഒപ്പം ചേർന്നു. സഹോദരൻ അൻമോൽ ബിഷ്ണോയിയും പിന്നാലെ ലോറൻസിന്റെ പാതയിലേക്കു നീങ്ങി.

ഓപ്പറേഷൻ ജയിലിൽനിന്ന്

ലോറൻസ് ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിലും അൻമോൽ ഡൽഹി തിഹാർ ജയിലിലുമാണ്. അവിടെനിന്നു കൂട്ടാളികൾ വഴി ഇരുവരും സംഘത്തെ നിയന്ത്രിക്കുന്നു. ഇന്ത്യയിലേക്കുള്ള ലഹരികടത്തിലും സംഘത്തിനു പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാനഡ, യുഎസ് എന്നിവിടങ്ങളിലും സംഘം സജീവം. തൊണ്ണൂറുകളുടെ അവസാനം അധോലോക സംഘങ്ങൾ പത്തിമടക്കിയതോടെ ശാന്തമായ മുംബൈയിൽ ബിഷ്ണോയ് സംഘം ഏതാനും വർഷം മുൻപാണു സജീവമാകുന്നത്.
സൽമാൻ ഖാനെതിരെ യുദ്ധം പ്രഖ്യാപിച്ച സംഘം അദ്ദേഹവുമായി അടുപ്പം പുലർത്തുന്നവർക്കു നേരെയും തിരിഞ്ഞു. ബിഷ്ണോയ് സമുദായം പവിത്രമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതാണു സൽമാൻ ഖാനോടുള്ള പകയ്ക്കു കാരണം. 2024 ൽ സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിയുതിർത്തിരുന്നു. പിന്നീട് സൽ‍മാന്റെ അടുത്ത സുഹൃത്തും മുൻമന്ത്രിയുമായ ബാബാ സിദ്ധിഖിയെ ബാന്ദ്രയിൽ വെടിവച്ചു കൊലപ്പെടുത്തിയപ്പോൾ നഗരം ഞെട്ടി.

ബോളിവുഡിലെ വെടിയൊച്ചകൾ

∙ 1994: നിർമാതാവ് ജാവേദ് റിയാസ് സിദ്ദിഖി കൊല്ലപ്പെട്ടു

∙ 1997: നിർമാതാവ് മുകേഷ് ദുഗ്ഗൽ കൊല്ലപ്പെട്ടു.

∙ 1997: സിനിമ, സംഗീത ആൽബ നിർമാതാവ് ഗുൽഷൻ കുമാർ കൊല്ലപ്പെട്ടു

∙ 1999: നിർമാതാവ് മൻമോഹൻ ഷെട്ടിക്കു നേരെ ആക്രമണം.

∙ 2000: സംവിധായകനും നിർമാതാവുമായ രാകേഷ് റോഷന് വെടിവയ്പിൽ പരുക്ക്.

∙ 2001: നടനും നിർമാതാവുമായ ദിനേശ് ആനന്ദ് വെടിയേറ്റു മരിച്ചു.

∙ 2024: നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ ബിഷ്ണോയ് സംഘത്തിന്റെ വെടിവയ്പ്.

∙ 2026: സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പ്.