Headlines

തിരു. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം ; അനധികൃത താമസക്കാരെ കണ്ടെത്തും, തലയെണ്ണാൻ പ്രത്യേക സംഘം

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ , ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച പ്രത്യേകസംഘംവിദ്യാർഥികളുടെ കണക്കെടുക്കും. അനധികൃതമായ താമസക്കാർ ഹോസ്റ്റലിൽ ഉണ്ടോ എന്ന് പരിശോധിക്കും. സംഘർഷദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷണം നടത്തും. ഹോസ്റ്റലിൽ ലഹരി ഉപയോഗം ഉണ്ടെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ കൂടിയും അന്വേഷണം ഉണ്ടാകും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മീഷണർ , ജില്ലാ കലക്ടർ എന്നവരാണ് സമിതി അംഗങ്ങൾ.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാർഥികൾ ആരോപിക്കുന്നത്. സമരക്കാര്‍ തീപ്പന്തം അടക്കം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്.പിന്നാലെ സ്ഥിതി രൂക്ഷമായി. തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം തെരുവുയുദ്ധത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്.