അബുദാബി: ഉദ്ഘാടന മത്സരത്തിൽ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ അണിനിരന്ന ഐ.പി.എൽ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടന്നു.
അർധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. 48 പന്തുകൾ നേരിട്ട റായുഡു മൂന്നു സിക്സും ആറു ഫോറുമടക്കം 71 റൺസെടുത്തു.
രണ്ട് ഓവറിനുള്ളിൽ മുരളി വിജയ് (1), ഷെയ്ൻ വാട്ട്സൺ (4) എന്നിവരെ നഷ്ടമായ ശേഷമാണ് ഫാഫ് ഡൂപ്ലെസിസിനെ കൂട്ടുപിടിച്ച് റായുഡു ചെന്നൈയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. 44 പന്തുകൾ നേരിട്ട ഡൂപ്ലെസിസ് 58 റൺസെടുത്ത് പുറത്താകാതെ നിന്നു.
മൂന്നാം വിക്കറ്റിൽ ഇരുവരും 115 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവീന്ദ്ര ജഡേജ (10), സാം കറൻ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ച മുംബൈയെ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോനി തന്റെ ബൗളിങ് മാറ്റങ്ങളിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. 4.4 ഓവറിൽ 46 റൺസ് ചേർത്ത ശേഷമാണ് രോഹിത് ശർമ – ക്വിന്റൺ ഡിക്കോക്ക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹിത് ശർമ 12 റൺസും ക്വിന്റൺ ഡിക്കോക്ക് 33 റൺസും നേടി.
31 പന്തിൽ നിന്ന് 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് (17), ഹാർദിക് പാണ്ഡ്യ (14), ക്രുനാൻ പാണ്ഡ്യ (3), പൊള്ളാർഡ് (18) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
ചെന്നൈക്കായി എൻഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.