Headlines

വിമാനത്തിനുള്ളിൽ വച്ച് പവർ ബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.പവർ ബാങ്കിനുണ്ടായ തകരാറുമൂലമാണ് തീപിടത്തമുണ്ടായത്. വിമാനത്തിനുള്ളിൽ തീകത്തുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോയിൽ യാത്രക്കാർ തീ അണയ്ക്കാൻ ശ്രമിക്കുന്നത് കാണാനാവും. തുടർന്ന് യാത്രക്കാർക്കൊപ്പം ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എല്ലായാത്രക്കാരും സുരക്ഷിതരാണ്.