തിരുവനന്തപുരം: തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ ആയിരം കിലോ അരി സന്നിധാനത്ത് ഉണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തും. അരവണ ക്ഷാമം ഉണ്ടാകും എന്നത് ആരൊക്കെയോ പരത്തുന്ന വാർത്തകൾ മാത്രമാണെന്നും കെ ജയകുമാർ.ആവശ്യത്തിനുള്ള അരി എത്തിക്കാനുള്ള ഇടപെടൽ നടത്തിയെന്ന് കെ ജയകുമാർ പറഞ്ഞു. ഭക്തർക്ക് യാതൊരു ആശങ്കയും വേണ്ട. മറ്റന്നാൾ മുതൽ അരവണ ഉൽപാദനം തുടങ്ങും. കൂടുതൽ ഭക്തർ വന്നാലും ആവശ്യത്തിനുള്ള അരവണ സന്നിധാനത്ത് ഉണ്ടാകും. 10 ലക്ഷത്തിൽ താഴെ അരവണ ഉണ്ടാക്കി വയ്ക്കുമെന്ന് കെ ജയകുമാർ വ്യക്തമാക്കി.ഉണക്കലരി ഉൾപ്പെടെ അരവണ നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. 15,000 കിലോ ഉണക്കലരി നാളെ പമ്പയിൽ എത്തിച്ച് ഭക്ഷ്യ സുരക്ഷാ വുപ്പിന്റെ പരിശോധനയ്ക്കുശേഷം സന്നിധാനത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നവീകരണത്തിന് ശേഷം അരവണ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങുമ്പോൾ അരവണ നിർമ്മാണത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ആവശ്യാനുസരണം ലഭ്യമാക്കി ഉടൻ തന്നെ അരവണ നിർമ്മാണം ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല; ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതം: കെ ജയകുമാർ







