ദുബായ്: നിരത്തുകളിലെ സ്ട്രീറ്റ് ബോര്‍ഡുകളുടെയും അഡ്രസ് ബോര്‍ഡുകളുടെയും നിറം മാറ്റുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെതാണ് തീരുമാനം. ഓരോ മേഖലയുടെയും പ്രത്യേകതക്കനുസരിച്ച് ബോര്‍ഡുകളിലെ കളര്‍ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. (Dubai launches new addressing system and visual identity)
ഒരു പുതിയ വിഷ്വല്‍ ഐഡന്റിറ്റി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ദുബായ് നിരത്തുകളിലെ സ്ട്രീറ്റ് ബോര്‍ഡുകളുടെയും, സൈന്‍ ബോര്‍ഡുകളുടെയും അഡ്രസ് ബോടര്ഡുകളുടെയും നിറം മാറ്റുന്നത്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുമായി ഏകോപിപ്പിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ അര്‍ബന്‍ പ്ലാനിംഗ്, പുതിയ ഏരിയ ഐഡന്റിഫിക്കേഷന്‍ അടയാളങ്ങള്‍, സ്ട്രീറ്റ് ബോര്‍ഡ് അടയാളങ്ങള്‍ , വീടിന്റെ അഡ്രെസ്സ് ബോര്‍ഡുകള്‍ എന്നിവ ഏകീകൃത ഡിസൈനുകളില്‍ സ്ഥാപിക്കും. വ്യത്യസ്ത പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനായി അഞ്ച് നിറങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. കടലിനോട് ചേര്‍ന്ന് പ്രദേശത്തെ ബോര്‍ഡുകള്‍ക്ക് നീല നിറം നല്‍കും.അതേസമയം മരുഭൂമി പരിസ്ഥിതിയുള്ളവയ്ക്ക് സ്വര്‍ണ്ണ നിറമാകും ഉപയോഗിക്കുക.ആദ്യ ഘട്ടത്തില്‍ അഞ്ച് മേഖലകളിലായി 2,000-ത്തിലധികം അടയാളങ്ങള്‍ മാറ്റിസ്ഥാപിക്കും.സാബീല്‍ 1, സാബീല്‍ 2, നാദ് അല്‍ ഷെബ, അല്‍ ഖവാനീജ് 1, നസ്വ എന്നിവിടങ്ങളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യും.ഏതൊക്കെ മേഖലകളാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് ആര്‍ടിഎയും ദുബായ് മുനിസിപ്പാലിറ്റിയും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. നഗര വളര്‍ച്ചയും ജനസാന്ദ്രതയും, ഒരു പ്രദേശത്തിന്റെ കേന്ദ്രബിന്ദുവും തിരക്കേറിയതുമായ സ്ഥലം , പാര്‍പ്പിട, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യം, ഇതുവരെ ഔദ്യോഗികമായി പരിഗണിക്കാത്ത തെരിവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2030 ഓടുകൂടി പൂര്‍ണമായും പുതിയ കളര്‍ ഐഡന്റിറ്റിയിലേക്ക് മാറാമെന്ന് ദുബായ് പ്രതീക്ഷിക്കുന്നു.








