തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ്ങിൽ താത്കാലിക നിയമനം നൽകിയതിൽ മറുപടിയുമായി സീമാറ്റ് ഡയറക്ടർ അരുൺ കുമാർ.
ഇവിടെ തസ്തികകൾ എല്ലാം താൽക്കാലികമാണ്. സ്ഥിരനിയമനം ഇല്ല. ഷാനിയുടെ യോഗ്യത പരിഗണിച്ചാണ് നിയമിച്ചത്. ഒരു വർഷത്തേക്കുള്ള താൽകാലിക നിയമനം ആയതുകൊണ്ടാണ് നോട്ടിഫിക്കേഷൻ ഇറക്കാതിരുന്നത്. വേറെ ബയോഡേറ്റകൾ കിട്ടിയിരുന്നില്ല.
ഒഴിവ് അവർ എങ്ങനെ അറിഞ്ഞുവെന്ന് അറിയില്ല. ഷെഫീറിന്റെ ഭാര്യ ആയതുകൊണ്ടല്ല നിയമിച്ചത്. താൽക്കാലിക നിയമനങ്ങളിൽ മുൻകാലങ്ങളിലും നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നില്ല. കിട്ടിയ ബയോഡേറ്റ പരിശോധിച്ച് ആവശ്യമായ യോഗ്യത ഉള്ളതിനാൽ നിയമിക്കുകയായിരുന്നു.
വിവാദമായ സ്ഥിതിക്ക് നിയമനങ്ങളിൽ ക്രമക്കേടുണ്ടെങ്കിൽ പരിശോധിക്കാം. സർക്കാരുമായി ചർച്ച ചെയ്തു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജ്ഞാപനം പുറപ്പെടുവിക്കാതെ നടത്തിയ നിയമനത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ സീമാറ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിച്ചു. സീമാറ്റ് ഡയറക്ടറെ ഉപരോധിച്ചു.








