ന്യൂഡൽഹി∙ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സമ്മർദത്തിൽ. ഗ്യാനേഷ് നേരിട്ടു പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യുവസമ്പർക്ക പരിപാടികളും ബൂത്ത് ലവൽ ഓഫിസർമാർക്കുള്ള പരിശീലനപരിപാടികളും മാറ്റി. പരാതിയുയർന്ന കാര്യങ്ങളിൽ തെറ്റുതിരുത്തൽ നടപടികൾ തിരക്കിട്ടു നടത്തുന്നുണ്ടെങ്കിലും പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം എംപിമാർ ഡൽഹിയിൽ 2 ദിവസമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ അലയൊലികൾ രാജ്യമെമ്പാടുമുണ്ട്.
കോക്രോച്ച് ജനതാ പാർട്ടി 10 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിദ്യാർഥിസംഘടനാപ്രവർത്തകർ ദിവസങ്ങളായി ഡൽഹിയിലുണ്ട്. സിജെപിക്കൊപ്പം ഇവരും ചേരുന്നതോടെ കേന്ദ്രസർക്കാരിന് അവഗണിക്കാൻ കഴിയാത്ത പ്രതിഷേധമായി അതുമാറും. എസ്ഐആർ വെട്ടേറ്റ ലക്ഷക്കണക്കിനു വോട്ടർമാരുള്ള നഗരമെന്ന നിലയിൽ ഡൽഹിവാസികളുടെ പിന്തുണയും ഇവർക്കുണ്ടാകുമെന്നു തീർച്ച. ഇന്ത്യാസഖ്യത്തിനൊപ്പം പ്രതിഷേധത്തിനിറങ്ങുന്നില്ലെങ്കിലും ആം ആദ്മി പാർട്ടിയും ഡിഎംകെയും പ്രക്ഷോഭരംഗത്തു തുടരുന്നതും കേന്ദ്രത്തിനു തലവേദനയാണ്.ഫോം 6ൽ മാറ്റംവരുത്തിയെന്ന പരാതി, കമ്മിഷണർമാരുടെ നിയമനം, ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്ന ആക്ഷേപം എന്നിവയെല്ലാം സുപ്രീംകോടതിക്കു മുന്നിൽ വിവിധ ഹർജികളായെത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനും മകൾ മേധാ രൂപത്തിനും എതിരായ കേസുകളിൽ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ വിധിപറഞ്ഞതിനെ പരോക്ഷമായി വിമർശിച്ച് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് അഭയ് എസ്.ഓക്ക രംഗത്തെത്തിയതുമെല്ലാം ഗ്യാനേഷ് കുമാറിനെ കൂടുതൽ സമർദത്തിലാക്കുന്ന കാര്യങ്ങളാണ്.
മാധ്യമങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ വിഭാഗം രണ്ടാഴ്ചയായി മൗനത്തിലാണ്. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ, മലേഷ്യൻ പൗരൻ ലീ സീ ബിൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചതിൽ പ്രതികരണം തേടിയെങ്കിലും ഗ്യാനേഷ് മറുപടി പറഞ്ഞില്ല.








