ഹൈദരാബാദ്∙ തെലങ്കാനയിലെ കോൺഗ്രസ് എംഎൽഎ മാൽറെഡ്ഡി രംഗ റെഡ്ഡി ബസിൽവച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഓടുന്ന ബസിൽവച്ച് എംഎൽഎ യുവതിയെ മോശമായി സ്പർശിച്ചെന്നാരോപിച്ച് പ്രതിപക്ഷമായ ബിആർഎസ് രംഗത്തെത്തി. ഇതിന്റെ വിഡിയോയും അവർ പങ്കുവച്ചു. ഇബ്രാഹിംപട്ടണത്തെ എംഎൽഎയാണ് മാൽറെഡ്ഡി.
വിഡിയോയിൽ റെഡ്ഡി കോൺഗ്രസ് സർക്കാരിന്റെ സ്ത്രീകൾക്കായുള്ള ‘മഹാലക്ഷ്മി’ സൗജന്യ ബസ് പദ്ധതിയെക്കുറിച്ച് വിദ്യാർഥിനികളുമായി സംസാരിക്കുന്നത് കാണാം. ഒരു പെൺകുട്ടിയുടെ കൈ പിടിച്ചാണ് എംഎൽഎ സംസാരിക്കുന്നത്. ഒരു വർഷമായി സൗജന്യ ബസ്സിലാണ് യാത്ര ചെയ്യുന്നതെന്നും അതുവഴി പ്രതിവർഷം ഏകദേശം 45,000 രൂപയോളം ലാഭിക്കാൻ കഴിഞ്ഞുവെന്നും പെൺകുട്ടികൾ റെഡ്ഡിക്ക് മറുപടി നൽകുന്നതും വിഡിയോയിലുണ്ട്.
പിന്നാലെ റെഡ്ഡിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എംഎൽഎ എന്തിനാണ് പെൺകുട്ടിയുടെ കയ്യിൽ പിടിക്കുന്നതെന്ന് ബിആർഎസ് നേതാവ് ആർ.എസ്. പ്രവീൺ കുമാർ ചോദിച്ചു. ‘‘ഇതൊരു കുറ്റകൃത്യമല്ലേ? സ്ത്രീയുടെ മാനത്തെ അപമാനിക്കുന്നതിന് തുല്യമല്ലേ?’’– പ്രവീണ്‍ കുമാർ ചോദിച്ചു. സംഭവത്തിൽ വനിത കമ്മിഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെഡ്ഡിക്കെതിരെ കേസെടുക്കണമെന്നും പ്രവീൺ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
എന്നാൽ സംഭവം വിവാദമായതോടെ പ്രതികരണവുമായി എംഎൽഎ രംഗത്തെത്തി. പിതൃതുല്യമായ വാത്സല്യത്തോടെയാണ് വിദ്യാർഥികളുമായി സംസാരിച്ചതെന്നും അതിനെ ബിആർഎസ് വളച്ചൊടിക്കുകയാണെന്നും റെഡ്ഡി പറഞ്ഞു. ഒക്ടോബർ 6-ന് ബോംഗുലൂരുവിൽ വച്ചാണ് താൻ ബസ്സിൽ കയറിയതെന്നും ബസ്സിൽ വച്ച് വിവിധ ആളുകളോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.









