കാക്കനാട് ∙ കലക്ടറേറ്റ് സമുച്ചയത്തിലെ ടീ സ്റ്റാളിന്റെ മേശപ്പുറത്ത് മണിക്കൂറുകളോളം ഉടമയില്ലാതെ കാണപ്പെട്ട പൊതി തുറന്നു നോക്കിയപ്പോൾ കണ്ടത് 70,000 രൂപ. ടീ സ്റ്റാൾ ജീവനക്കാരി ലിജി ശിവകുമാറാണ് പൊതി കണ്ടത്. ടീ സ്റ്റാൾ ഉടമ ആലുവ യുസി കോളജ് സ്വദേശി ടി.എം. നാസർ പൊതിയഴിച്ചു പണം തിട്ടപ്പെടുത്തി. രാവിലെ ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങിയ ശേഷം ഇവിടെ ചായ കുടിക്കാനെത്തിയ വയോധികരായ ദമ്പതികളുടെ പണമായിരുന്നു നഷ്ടമായത്. ചായ കുടിക്കുന്നതിനിടെ ഇവരിലൊരാൾക്ക് തലചുറ്റൽ അനുഭവപ്പെട്ടു. കടയുടമ നാസർ ഇവരെ താങ്ങിയെടുത്ത് വിശ്രമത്തിനായി തൊട്ടടുത്ത ഓഫിസിൽ കൊണ്ടുപോയിരുത്തി. ദമ്പതികൾ ഇതിനിടെ മേശപ്പുറത്ത് മറന്നു വച്ചതാണ് പണമടങ്ങിയ പൊതി. അസ്വസ്ഥത മാറിയപ്പോൾ ദമ്പതികൾ നേരെ വീട്ടിലേക്ക് മടങ്ങി. ഇവർ പോയി രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് പൊതി ചായക്കടക്കാരുടെ ശ്രദ്ധയിൽപെട്ടത്. വൈകിട്ടാണ് പണം നഷ്ടപ്പെട്ട വിവരം ദമ്പതികൾ അറിയുന്നത്.ഉടൻ കലക്ടറേറ്റിലെ ടീ സ്റ്റാളിലെത്തി തിരക്കിയപ്പോൾ നാസർ അവർക്കു പണം മടക്കി നൽകി.
ടീ സ്റ്റാളിലെ മേശപ്പുറത്ത് മണിക്കൂറുകളോളം ഉടമയില്ലാതെ 70,000 രൂപ; കൊച്ചിയുടെ സത്യസന്ധതയ്ക്ക് 100 മാർക്ക്








