Headlines

തിരുവനന്തപുരം കോർപ്പറേഷനിലെ ഒപ്പ് വിവാദം; പരാതിയിൽ ഉറച്ച് LDF, ആരോപണം വ്യാജമെന്ന് BJP

തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ പ്രതിസന്ധിയിലാക്കിയ ഒപ്പ് വിവാദം ഒഴിയുന്നില്ല. കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ വ്യാജ ഒപ്പിട്ടു എന്ന ആരോപണത്തിൽ എൽഡിഎഫ് ഉറച്ചു നിൽക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് LDF ആരോപണം. സുഗതനെ സംരക്ഷിക്കാൻ ആണ് മേയർ വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ച്, വ്യാജ ഒപ്പിട്ട രജിസ്റ്റ‍ർ ബുക്ക് സൂക്ഷിച്ചതെന്ന് സിപിഐഎം പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് ആരോപിച്ചിരുന്നു.

ഫെബ്രുവരി 26, മാ‍ർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് ഒപ്പ് ക്രമക്കേട് നടത്തിയതെന്നും എസ് പി ദീപക് ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം വ്യാജം എന്നാണ് ബിജെപി ഭരണസമിതിയുടെ നിലപാട്. എൽഡിഎഫിന്റെ പരാതി ഗൗരവമുള്ളതാണെന്നും വിഷയത്തിൽ ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയതായും യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ എസ് ശബരീനാഥൻ പറഞ്ഞു. ഇതിനിടെ എൽഡിഎഫ് പരാതിയിൽ കന്റോൺമെന്റ് എസിപി അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി മാസം മുതൽ സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല. ആറ് മാസം കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെങ്കിൽ ചട്ടപ്രകാരം അയോഗ്യനാകും. സുഗതനെ പുറത്താക്കാതിരിക്കാനാണ് വ്യാജ ഒപ്പിട്ടു കൗൺസിൽ രജിസ്റ്ററിൽ ക്രമക്കേട് നടത്തിയത്. സംഭവത്തിൽ പൊലീസ് കമ്മീഷണ‍ർക്ക് രേഖാമൂലം പരാതി നൽകിയെന്നും യുഡിഎഫും സംസ്ഥാന സർക്കാരും ഇടപെടണമെന്നും എസ് പി ദീപക്ക് ആവശ്യപ്പെട്ടു.