ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസില്‍ ബിജെപി കൗൺസിലർ ആർ സുഗതനുമായുള്ള തെളിവെടുപ്പില്ല. ചോദ്യം ചെയ്യലിനോട് സുഗതൻ സഹകരിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം എവിടെയെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. അതിനാൽ വട്ടിയൂർക്കാവ് പൊലീസ് തെളിവെടുപ്പ് ഒഴിവാക്കി. തെളിവെടുപ്പ് നടത്താതെ സുഗതനെ കോടതിയിൽ ഹാജരാക്കും. ഇന്ന് വൈകിട്ട് 5.30 വരെയാണ് സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. കേസിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് പ്രവർത്തിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്കി. തെളിവെടുപ്പിന് ശേഷം സുഗതനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയില്‍ പറഞ്ഞു. വാഹനത്തിൽ വെച്ചു മോശമായി പെരുമാറിയെന്നാണ് സുഗതന്റെ ആരോപണം. ആരാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. വിയ്യൂരിൽ നിന്ന് കൊണ്ടുവന്നവർ തന്നെ അല്ലേ മെഡിക്കൽ പരിശോധനക്ക് പോയതെന്ന് കോടതി കുറ്റപ്പെടുത്തി.
കസ്റ്റഡിയിൽ തരാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ് എസ് ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു. സുഗതനെ പൊലീസ് മനപ്പൂർവം വേട്ടയാടുന്നുവെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സി ഐയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.









