തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. ആദ്യ പരീക്ഷണത്തിന്റെ രാഷ്ട്രീയ സന്ദേശം യുഡിഎഫിന് എതിരെന്നാണ് മുഖപ്രസംഗം. ആദ്യ പരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം എന്ന പേരിലാണ് മുഖപ്രസംഗം.
വി ഡി സതീശന് സര്‍ക്കാര്‍ അധികാരത്തിലെത്തി 1135 ദിവസത്തിനിടെ ഉയര്‍ന്നുവന്ന വിവാദങ്ങളെല്ലാം ഭരണത്തിന്റെ ശൈശവദശയിലെ സ്വാഭാവിക രാഷ്ട്രീയ ബലപരീക്ഷണങ്ങളായി ചുരുക്കിക്കാണുക എളുപ്പമാണെന്നും എന്നാല്‍, ഇന്നലെ പുറത്തുവന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചനകള്‍, ഭരണത്തിന്റെ ആദ്യനാളുകളില്‍തന്നെ ജനങ്ങളുടെ മനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയമാണിത് എന്നാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ യുഡിഎഫിന് ക്ഷീണവും എല്‍ഡിഎഫിന് നേട്ടവുമാണ് കാണുന്നത്. സംസ്ഥാനത്തിന്റെ ഭരണം കൈയാളുന്ന യുഡിഎഫിന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, ജയിച്ചിടത്തും തോറ്റിടത്തും വോട്ടുവിഹിതം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട് – മുഖപ്രസംഗത്തില്‍ പറയുന്നു.102 സീറ്റുമായി അധികാരത്തില്‍ വന്ന യുഡിഎഫിന് നാലു മാസം തികയ്ക്കും മുമ്പേ എന്തുകൊണ്ട് ഇങ്ങനെ തിളക്കം നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. പിന്നിട്ട ഏതാനും മാസങ്ങള്‍ക്കിടെ കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്കാന് സര്‍ക്കാരിന് കഴിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഉണര്‍ത്തുന്നതാണ് ഇത്. സാധാരണ വോട്ടര്‍മാരെ ഇതൊക്കെ ആശയക്കുഴപ്പത്തിലാക്കിയെങ്കില്‍ കുറ്റംപറയാന്‍ ആവില്ല. കാര്യം, സര്‍ക്കാരിനെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ ഈ ചെറിയ കാലത്തിനിടക്ക് വല്ലാതെയുണ്ടായി. മലപ്പുറം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച സംശയങ്ങള്‍, ഔദ്യോഗിക ബോര്‍ഡും നമ്പറും പതിച്ച സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദം… ഇതൊക്കെ സര്‍ക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഖജനാവിന് സാമ്പത്തിക ബാധ്യതയില്ലെന്ന വിശദീകരണം ഉണ്ടായിട്ടും അധികാരസ്ഥാനത്തിരിക്കുന്നവര്‍ സ്വകാര്യസൗകര്യങ്ങള് സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സുതാര്യതയും ഔചിത്യവും സംബന്ധിച്ച ചോദ്യങ്ങള്‍ നിലനില്ക്കുന്നു – മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.






