കൊച്ചി ∙ പ്ലസ് ടു വിദ്യാർഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചു എന്ന പരാതിയെ തുടർന്ന് സസ്പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർ കുമ്പളം സ്വദേശി മഹേഷ് കുമാർ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത്. യാത്രക്കാരിയായ വിദ്യാർഥിനിയോട് താൻ മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് മഹേഷ് വിശദീകരിച്ചു. പെൺകുട്ടിയാണെന്ന് മനസിലാകാതിരുന്നതുകൊണ്ടാണ് പുരുഷന്മാര്ക്കുള്ള ടിക്കറ്റ് നൽകിയത് എന്നും താൻ പെൺകുട്ടിയാണെന്ന് വിദ്യാർഥിനി പറഞ്ഞ ഉടൻ ടിക്കറ്റ് മാറ്റി നൽകിയിരുന്നതായും മഹേഷ് പറയുന്നു. നിന്നെ കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് തരാൻ കഴിയില്ലെന്നും പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നിൽ കണ്ടക്ടർ ആക്ഷേപിച്ചെന്നു കാട്ടി വിദ്യാർഥിനി നൽകിയ പരാതിയിലാണ് മഹേഷിനു സസ്പെൻഷൻ. പറവൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ 24 വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നുവെന്നും ഇതുവരെ തനിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയർന്നിട്ടില്ലെന്നും മഹേഷ് പറഞ്ഞു. പറവൂർ സ്റ്റാൻഡിൽ നിന്നും എറണാകുളം ജെട്ടിയിലേക്ക് പോവുകയായിരുന്ന ബസിലാണ് കേസിനാസ്പദമായ സംഭവം. അഞ്ചംഗ വിദ്യാർഥി സംഘമാണ് ബസിൽ കയറിയത്. വള്ളുവള്ളിയിലേക്ക് രണ്ടു ടിക്കറ്റ് ചോദിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വിദ്യാർഥിനിയുടെ അനിയനാണെന്നാണ് തോന്നിയത്. ഒറ്റനോട്ടത്തിൽ ആർക്കും അങ്ങനെയേ തോന്നൂ എന്നതിനാലാണ് സൗജന്യ ടിക്കറ്റിനൊപ്പം ഒരു മെയിൽ ടിക്കറ്റ് കൂടി നൽകി മുന്നോട്ടു പോയതെന്ന് മഹേഷ് പറയുന്നു.
തുടർന്ന് താൻ തിരികെ വന്നപ്പോൾ ചേട്ടാ ഞാൻ ആണല്ല പെണ്ണാണ് എന്ന് പറഞ്ഞ് വിദ്യാർഥിനി എഴുന്നേറ്റു. കണ്ടിട്ട് പെൺകുട്ടിയാണെന്ന് മനസിലായില്ലെന്ന് പറഞ്ഞ്, ആ ടിക്കറ്റ് തിരികെ വാങ്ങി ഉടൻ സത്രീകൾക്കുള്ള സൗജന്യ (സീറോ) ടിക്കറ്റ് മാറ്റി നൽകുകയായിരുന്നു. അതിനുശേഷം എന്നെ കണ്ടാൽ പെണ്ണായി തോന്നിയില്ലേ എന്ന് വിദ്യാർഥിനി ചോദിച്ചെങ്കിലും താൻ വേറ മറുപടിയൊന്നും പറഞ്ഞില്ലെന്നും ടിക്കറ്റ് തന്നില്ലേ എന്ന് ചോദിച്ച് മറ്റുള്ളവർക്ക് ടിക്കറ്റ് നൽകുന്നതിനായി മുന്നോട്ട് പോവുകയാണുണ്ടായതെന്നും മഹേഷ് പറയുന്നു. ഇതിനിടെ, പെൺകുട്ടിയുടെ അടുത്തിരുന്ന മറ്റൊരു ചേച്ചി തനിക്കും കണ്ടിട്ട് പെൺകുട്ടിയാണെന്ന് തോന്നിയിരുന്നില്ലെന്ന് പറയുന്നത് കേട്ടു. ഇതിനോട് വിദ്യാർഥിനി എന്തോ തിരിച്ചും സംസാരിച്ചു. മറ്റ് സ്റ്റോപ്പുകളിൽ നിന്നും ആളുകൾ കയറുന്നതിനിടെ ബസിന്റെ പുറകിൽ നിന്നും വശങ്ങളിൽ നിന്നും വലിയ ബഹളം കേട്ടതിനെ തുടർന്ന് താൻ അങ്ങോട്ടേക്ക് തിരികെ ചെന്നു. വിഷയം നേരത്തെ തീർന്നതല്ലേ, ടിക്കറ്റ് മാറ്റിത്തന്നതല്ലേ എന്ന് ചോദിച്ച് താൻ വീണ്ടും ജോലിയിലേക്ക് കടന്നെങ്കിലും തർക്കം തുടർന്നുവെന്ന് മഹേഷ് പറയുന്നു.
സ്റ്റോപ്പ് എത്തിയപ്പോഴും ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കം തുടരുകയായിരുന്നു. രണ്ടു കൂട്ടരോടും ബഹളം വയ്ക്കാതെ മിണ്ടാതിരിക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും പുറത്തിറങ്ങിയിട്ടും അവർ തമ്മിൽ തർക്കത്തിലായിരുന്നു. ഇതിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ പൊലീസിനെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. പ്രശ്നം അവസാനിച്ചില്ലേ, കുട്ടികളല്ലേ എന്ന് പറഞ്ഞ് താനാണ് അതു നിരുത്സാഹപ്പെടുത്തിയതെന്നും മഹേഷ് പറഞ്ഞു. ഇതിനിടയിലൊന്നും വിദ്യാർഥിനിയുമായി തനിക്ക് തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും യാതൊരുവിധ അസഭ്യ വാക്കുകളും താൻ ഉപയോഗിച്ചിട്ടില്ലെന്നുമാണ് മഹേഷ് പറയുന്നത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സിഎംഡിയുടെ നിർദേശ പ്രകാരം മഹേഷിനെ സസ്പെൻഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മഹേഷ് ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.









