കഠ്മണ്ഡു∙ നേപ്പാളിൽ കനത്ത നാശം വിതച്ച് ഉരുൾപൊട്ടലും പേമാരിയും. 1450 പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേരെ കാണാതാകുകയും ചെയ്ത മിന്നൽ പ്രളയമുണ്ടായി ഒരു മാസത്തിനുശേഷമാണ് വീണ്ടും നേപ്പാളിൽ മഴ ദുരിതം വിതയ്ക്കുന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 24 പേർ മരിക്കുകയും 14 പേരെ കാണാതാകുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നദികൾ കരകവിഞ്ഞൊഴുകി.വീടുകൾ, റോഡ്, പാലങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ തോതിൽ കേടുപാടുണ്ടായി. മനാങ്, മ്യാഗ്ഡി, ബാഗ്‌ലങ്, പർബത്, പൽപ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മണ്ണിടിച്ചിലുണ്ടാകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഒരു വിഡിയോയിൽ സെക്കൻഡുകൾക്കുള്ളിൽ വീടുകൾ ഉൾപ്പെടുന്ന ഒരു പർവതപ്രദേശം ഇടിഞ്ഞ് താഴേക്കുപതിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം. മറ്റൊന്നിൽ ഒരു മലയുടെ വലിയഭാഗം അപ്പാടെ നദിയിലേക്ക് പതിക്കുന്നതും. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.കാളിഗണ്ഡകി, നാരായണി, തിനാവു നദികൾ അപകടനില കവിഞ്ഞ് ഒഴുകുകയാണെന്ന് നേപ്പാൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാളിഗണ്ഡകിയുടെ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. 747 കുടുംബങ്ങളെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. 143 വീടുകൾ പൂർണമായും 51 എണ്ണം ഭാഗികമായും തകർന്നു.
അതിനിടെ, ഞായറാഴ്ച മനാങിലെ നർഫുവിലുള്ള ഹിംലങ് ഹിമാലിലുണ്ടായ മഞ്ഞിടിച്ചിലിൽ കാണാതായ പർവതാരോഹകരിൽ നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. എട്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്.







