ചിന്നക്കനാൽ ∙ ചിന്നക്കനാൽ അറുപതേക്കറിൽ നീലക്കുറിഞ്ഞി കാണാൻ പോയ കേറ്ററിങ് കോളജ് വിദ്യാർഥികൾ തേനീച്ച ആക്രമണത്തെത്തുടർന്നു വഴിതെറ്റി കാട്ടിൽ കുടുങ്ങി. എല്ലാവരെയും വനപാലകർ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. രക്ഷാദൗത്യത്തിനിടെ വനപാലകർക്കും തേനീച്ചയുടെ കുത്തേറ്റു.
സൂര്യനെല്ലിയിലെ കേറ്ററിങ് കോളജിലെ 20 വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 11ന് 2 സംഘങ്ങളായി അറുപതേക്കറിലേക്ക് പോയത്. ഇതിൽ ഒരു പെൺകുട്ടിയും 7 ആൺകുട്ടികളും അടങ്ങുന്ന എട്ടംഗ സംഘത്തെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുന്തേനീച്ച ആക്രമിച്ചു. തുടർന്ന് ഇവർ പല വഴിക്ക് ഓടിയതോടെ വഴിതെറ്റി കാട്ടിൽ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ 4 സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി. മൂന്നര മണിക്കൂർ ദൗത്യത്തിനൊടുവിൽ എല്ലാവരെയും രക്ഷപ്പെടുത്തി കാടിന് പുറത്തെത്തിച്ചു. തേനീച്ചയുടെ കുത്തേറ്റ 8 പേരെയും സൂര്യനെല്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
ദൗത്യത്തിനിടയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ(ഗ്രേഡ്) എസ്.സജീവ്കുമാർ, ബിഎഫ്ഒ വിഷ്ണു കെ. ചന്ദ്രൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് അൻപുമണി, ആർആർടി വാച്ചർ വിജയകുമാർ എന്നിവർക്ക് തേനീച്ചയുടെ കുത്തേറ്റു. ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഹാരിസൺ ശശിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം








