ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നിർദ്ദേശിച്ച ഏഴ് ദിന സമാധാന നിർദ്ദേശം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യമാണെന്നും ഇറാനിലേക്ക് പണം ഒഴുകാത്തതിനാലാണ് കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. നിർദ്ദേശങ്ങളോടുള്ള അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏതൊരു നീക്കവും ഈ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി വ്യക്തമാക്കി. ഇറാനെ ഉപരോധങ്ങളിലൂടെ നിലംപരിശാക്കാമെന്ന് കരുതിയവർക്ക് തെറ്റ് പറ്റിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. രാജ്യത്തിനെതിരെയും യെമനിലും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ആവശ്യപ്പെട്ടു.
മധ്യസ്ഥരാജ്യമായ ഖത്തറിലൂടെയാണ് ഹോർമുസ് തുറക്കുന്നതിനും തുടർചർച്ചകൾക്കുമായി ഇന്നലെ ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവച്ചത്. ലെബനോൺ വിവിധ മേഖലകളിലുള്ള സംഘർഷം അവസാനിപ്പിക്കൽ, 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടു നൽകൽ, നാവിക – സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കൽ എന്നിവയാണ് ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകൾ. ഇവ മൂന്നും അമേരിക്ക പാലിച്ചാൽ ഏഴാം ദിവസം ഹോർമുസ് തുറക്കാമെന്നും ചർച്ച പുനരാരംഭിക്കാമെന്നുമായിരുന്നു ഇറാന്റെ നിലപാട്.









