തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിൻറെ കൈയിലെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ജന്തർമന്തർ ഒരു തടവറയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, വിദ്യാർഥികളെയും നാട്ടുകാരെയും കണ്ടാൽ പൊലീസിന് ഹാലിളകുന്ന അവസ്ഥയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ പട്ടികയിൽ നിന്ന് യാതൊരുവിധ മാനദണ്ഡവുമില്ലാതെ 13 കോടി ജനങ്ങളെയാണ് വെട്ടിമാറ്റിയത്. ദളിതരെയും ആദിവാസികളെയും പാവപ്പെട്ടവരെയുമാണ് ഇത്തരത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ താല്പര്യങ്ങൾ നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ഇടതുപക്ഷ പാർട്ടികൾ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെയും ബിനോയ് വിശ്വം രൂക്ഷ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധി ഡൽഹിയിൽ സമരരംഗത്തുണ്ടാകുമ്പോൾ, ഇവിടുത്തെ കോൺഗ്രസിന്റെ മനസ്സ് മുഴുവനും ബിജെപി ഭക്തിയാണെന്നും അദ്ദേഹം വിമർശിച്ചു. നെഹ്റുവിയൻ കോൺഗ്രസ് അല്ല ഇവിടുത്തേതെന്നും, ഇവിടത്തെ കോൺഗ്രസ് മോദിവിയൻ കോൺഗ്രസ് ആണെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെയും സ്പോൺസർഷിപ്പുകളുടെയും കാര്യത്തിൽ സുതാര്യതയില്ലെന്നും, ഈ സർക്കാർ ഇത്രയേറെ തുറന്നുകാണിക്കപ്പെട്ട മറ്റൊരു ഭരണകൂടം ഉണ്ടാകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പ്രളയ ദുരിതബാധിതർക്ക് പണം നൽകാത്ത സർക്കാർ നിലപാട്, എൽഡിഎഫ് പ്രഖ്യാപിച്ച സ്ത്രീ സുരക്ഷ പദ്ധതി നിർത്തലാക്കൽ, ലേബർ കോഡ് നടപ്പാക്കാനുള്ള തീരുമാനം എന്നിവയ്ക്കെതിരെ ഒക്ടോബർ 14ന് സിപിഐ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.








