Headlines

മുഖ്യമന്ത്രി ജനങ്ങളുടെ വേലക്കാരൻ; നല്ലത് ചെയ്യാനാണ് വന്നത്, മുഖ്യമന്ത്രി സി ജോസഫ് വിജയ്

ചെന്നൈ: ഡിഎംകെയ്ക്കും AIADMKയ്ക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി മധുരാന്തകത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. മുൻ മുഖ്യമന്ത്രി ജയലളിതയെ അവഹേളിച്ചവർക്കൊപ്പം സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് സി ജോസഫ് വിജയ് പറഞ്ഞു. ജനങ്ങളുടെ പണം തൊടുന്നവരെ ഒരിയ്ക്കലും വിടില്ലെന്നും സി ജോസഫ് വിജയ് പറഞ്ഞു.

താൻ വന്നത് മുഖ്യമന്ത്രിയായിട്ടല്ല. സാധാരണ പോലെ നിങ്ങളിൽ ഒരാളായാണ് വന്നത്. സി ജോസഫ് വിജയ് മുഖ്യമന്ത്രിയായാൽ എന്താണ് കുഴപ്പം? മക്കൾക്ക് നല്ലത് ചെയ്യാനാണ് വന്നത്. എന്നാൽ ക്ഷുദ്രശക്തികളായ ഡി എം കെ ഓരോ ദിവസവും ആഭാസത്തരം മാത്രം പറയുന്നു. ഡി എം കെ യെ പിന്തുണയ്ക്കുന്നത് എ ഡി എം കെയാണ്. മുൻ മുഖ്യമന്ത്രി ജയലളിതയെ അവഹേളിച്ചവർക്കൊപ്പം സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചു.
അതാണ് തമിഴ്നാട്ടിൽ നടന്നത് സി ജോസഫ് വിജയ് പറഞ്ഞു.

ഒരു പാട് കണ്ടതിന് ശേഷമാണ് രാഷ്ട്രീയത്തിൽ വന്നത്. ജനങ്ങളുടെ പണം തൊടുന്നവരെ ഒരിയ്ക്കലും വിടില്ല.അത് ഡി എം കെ എപ്പോഴും ഓർക്കണം.അഴിമതി ആര് നടത്തിയെന്ന് ജനങ്ങൾക്ക് അറിയണം. അതിനാലാണ് നിയമസഭയിൽ കാര്യങ്ങൾ പറഞ്ഞത്. എന്ത് പറഞ്ഞാലും ബഹളം വെക്കുകയാണ് പ്രതിപക്ഷം. അതിനാൽ കൂടുതൽ ഉച്ഛത്തിൽ താൻ സംസാരിക്കേണ്ടിയിരിക്കുന്നു. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

മുഖ്യമന്ത്രിയെന്നത് ജനങ്ങളുടെ വേലക്കാരനാണ്. എന്നാൽ ഡി എം കെ ചിന്തിയ്ക്കുന്നത് അവർ ജനങ്ങളുടെ മുതലാളി എന്നാണ്. ടിവികെ സർക്കാർ കടം വാങ്ങുന്നുവെന്ന് പറയുന്നു, അത് ജനങ്ങൾക്ക് നല്ലത് ചെയ്യാനായിട്ടാണ് കടം വാങ്ങുന്നത്.അല്ലാതെ അഴിമതി നടത്താൻ അല്ല. എംജിആറിനും ജയലളിതയ്ക്കും ഇപ്പോൾ തനിക്കും ഡി എം കെ മാത്രമാണ് ശത്രു. ബിജെപി തമിഴ്നാട്ടിൽ വരുമെന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി ഡി എം കെ. ഇപ്പോൾ ബിജെപി തന്നെ തമിഴ്നാട്ടിൽ ഒന്നും അല്ലാതായി. ഡൽഹിയിലുള്ള ഡി എം കെയാണ് ബിജെപി. തമിഴ്നാട്ടിലെ ബിജെപിയാണ് ഡി എം കെ. നിങ്ങളുടെ ഓരോ വോട്ടും സ്ത്രീകളെ മോശമായി പറയുന്നവർക്കെതിരെ ആയിരിക്കണം. അണ്ണാ ഡി എം കെ ബിജെപിയുടെ ബ്രാഞ്ചാണ്. നിലവിൽ ഡി എം കെ യുടെ സബ് ബ്രാഞ്ച് ആയി എ ഡി എം കെ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.