Headlines

സൂറിച്ച്–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗത്തിന് പിടിയിൽ, സസ്പെൻഷൻ‌

ന്യൂഡൽഹി∙ സൂറിച്ച്–ഡൽഹി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് നടത്തിയ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യയുടെ കോ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. ഫുക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി പരിശോധനയിൽ പിടിക്കപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം.
സെപ്റ്റംബർ ആറിനായിരുന്നു സൂറിച്ചിലെ സംഭവം. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന്, ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് കോ പൈലറ്റിനെ വിമാനത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഇയാൾ പരാജയപ്പെട്ടതായും സൂറിച്ചിൽ നടത്തിയ രണ്ടാമത്തെ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. കോ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു. അന്തിമ വൈദ്യപരിശോധനാ റിപ്പോർട്ട് വരുന്നതുവരെ സസ്പെൻഷനിൽ തുടരും.വിമാനത്തിന് നിശ്ചിത സമയത്ത് സർവീസ് നടത്താൻ സാധിച്ചില്ലെന്നും അടുത്ത ദിവസമാണ് ഡൽഹിയിലേക്ക് പറന്നതെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. ജീവനക്കാർക്ക് പതിവായി ബോധവൽക്കരണ പരിപാടികളും പരിശോധനകളും നടത്താറുണ്ടെന്നും അവർ പറഞ്ഞു.ഓഗസ്റ്റ് 4ന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരുക്കേറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.