ചില സൗഹൃദങ്ങൾ ആരെയും കൊതിപ്പിക്കുമെന്ന് പറയുന്നത് എത്ര ശരിയാണെന്നു തോന്നിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ബോളിവുഡിലെ കിങ്ഖാൻ ഷറുഖും അദ്ദേഹത്തിന്റെ മാനേജർ പൂജ ദഡ്ലാനിയും ഉൾപ്പെട്ട ഒരു വിഡിയോയാണ് ചർച്ചയ്ക്കാധാരം. ഗണേശോത്സവത്തോടനുബന്ധിച്ച് ഷാറുഖ് ഖാനും കുടുംബവും അടുത്തിടെ ‘ലാൽബാഗ്ച രാജ’യെ സന്ദർശിച്ചിരുന്നു. ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ, മാനേജർ പൂജ എന്നിവർക്കൊപ്പമാണ് എസ്ആർകെ ക്ഷേത്രദർശനത്തിനെത്തിയത്.
ചടങ്ങിനിടെ ഷാറുഖിന്റെ മുഖം വല്ലാതെ വിയർത്തപ്പോൾ, അതൊപ്പാൻ പൂജ തന്റെ ദുപ്പട്ട ഷാറുഖിന് നേരെ നീട്ടുകയും യാതൊരു മടിയും കാട്ടാതെ ഷാറുഖ് പൂജയുടെ ദുപ്പട്ടയിൽ മുഖത്തെ വിയർപ്പൊപ്പുകയും ചെയ്യുന്നുണ്ട്. ഭാര്യയും മകളും ഒപ്പം നിൽക്കുമ്പോഴാണ് ഈ സംഭവം. പൂജയും ഷാരൂഖും തമ്മിലുള്ള സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ആഴം ആ പ്രവർത്തിയിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നു പറഞ്ഞാണ് ആരാധകർ ഈ ദൃശ്യങ്ങൾ ആഘോഷിക്കുന്നത്.
വർഷങ്ങളായി ഷാറുഖിനൊപ്പമുള്ളയാളാണ് പൂജ. അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളിലും പ്രധാന പൊതുവേദികളിലും ഒപ്പം ഉണ്ടാകാറുമുണ്ട്. മുംബൈയിലെ പ്രശസ്തമായ ഗണേശ് പന്തലിൽ വച്ച് നടന്ന ഈ സംഭവത്തിന്റെ വിഡിയോയ്ക്ക് താഴെ വളരെ പോസിറ്റീവായ രീതിയിലാണ് ആളുകൾ പ്രതികരിച്ചത്. “ചിലർക്ക് നല്ല സൗഹൃദബന്ധങ്ങൾ ഉണ്ടാകാറുണ്ട്, ഇതും അത്തരത്തിലൊന്നാണ്…” എന്നാണ് വിഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. “പൂജ ദഡ്ലാനി എസ്.ആർ.കെയുടെ മാനേജർ മാത്രമല്ല, കുടുംബം കൂടിയാണ്” എന്നാണ് മറ്റൊരാൾ വൈകാരികമായി കുറിച്ചത്. “അവർ വളരെ ആത്മാർത്ഥയുള്ളവരാണ്.” “ഏറ്റവും ക്യൂട്ട് ആയ നിമിഷം” എന്നിങ്ങനെയും കമന്റുകൾ എത്തി.
ലാൽബാഗ്ച രാജയിൽ നിന്നുള്ള ഈ വിഡിയോ അവരുടെ ദീർഘകാലത്തെ ഔദ്യോഗിക ബന്ധത്തെക്കുറിച്ചും അവർ തമ്മിലുള്ള പരസ്പര അടുപ്പത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കു കൂടി തുടക്കമിട്ടു. മുംബൈയിലെ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് ഷാറുഖ് എത്തിയത്. പൃഥ്വിരാജ് സുകുമാരൻ, റിതേഷ് ദേശ്മുഖ്, ജെനീലിയ ദേശ്മുഖ്, ശിൽപ ഷെട്ടി, സിദ്ധാർഥ് മൽഹോത്ര എന്നിവരുൾപ്പെടെ മറ്റ് നിരവധി ബോളിവുഡ് സെലിബ്രിറ്റികളും ഈ വർഷം ലാൽബാഗ്ച രാജ സന്ദർശിച്ചിരുന്നു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ വിവാദമാകേണ്ടിയിരുന്ന ദൃശ്യങ്ങൾ വളരെ പോസിറ്റീവായി ഇപ്പോൾ പ്രചരിക്കണമെന്നുണ്ടെങ്കിൽ അതിനൊരു കാരണമേയുള്ളൂ, അത് ഷാറുഖ് ഖാൻ ഒരു ജന്റിൽമാനും ഫാമിലിമാനുമാണെന്ന് കുടുംബത്തിനും ആരാധകർക്കും ഉറപ്പുള്ളതുകൊണ്ടാണെന്നാണ് വെർച്വൽ ലോകത്തെ സംസാരം.








