തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എം എൽ എ രംഗത്തെത്തി. അന്വേഷണം സംബന്ധിച്ച് ടിവിയിൽ കണ്ടിട്ടുള്ള വിവരം മാത്രമേ അറിയൂ എന്ന് റിയാസ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ കാര്യങ്ങൾ പാർട്ടി സെക്രട്ടറി സംസാരിക്കും.
ഇന്ത്യയിൽ പല ഇടങ്ങളിലും ഇ ഡി അന്വേഷണം, മൊഴിയെടുക്കുന്ന രീതി ഇതൊക്കെ ബിജെപി ഇതര രാഷ്ട്രീയപാർട്ടികൾ ശക്തമായി എതിർത്തിട്ടുണ്ട്. ഇതിൽ മുൻപന്തിയിൽ നിന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ആ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇ ഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സ്വാഭാവികമായും സമൂഹം ചർച്ച ചെയ്യും.
ഒരുപാട് വ്യാജ വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അതിനെയെല്ലാം നിയമപരമായി നേരിടും. തനിക്ക് ഒന്നും ഭയപ്പെടാനില്ല. ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു.കേസിന്റെ മറ്റു വശങ്ങളിലേക്ക് ഒന്നും പോകുന്നില്ലെന്നും കോൺഗ്രസിന്റെ നിലപാട് ഇതിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ മന്ത്രിയുടെ വസതിയിൽ നടന്ന റെയ്ഡിനെ കോൺഗ്രസ് അതിശക്തമായി എതിർത്തിട്ടുണ്ട്. നിയമപരമായ വശം നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. ഏതൊക്കെ തരത്തിൽ എന്തൊക്കെ നീക്കം നടത്തിയാലും ഒരു തെറ്റും താൻ ചെയ്തിട്ടില്ല. ആളുകളെ ഭയപ്പെടുത്തിയും മറ്റു പല നിലയിലും ഇ ഡി മൊഴിയെടുത്തു. ഇത് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിൽ താൻ കാണാത്തവരെ വെച്ച് വരെ കഥ മെനഞ്ഞിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.







