യു എൻ പൊതുസഭയ്ക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ചർച്ച നടത്താൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ഇനി ഇറാനിലേക്ക് ആക്രമണം നടത്തിയാൽ വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്ക ആക്രമണ പദ്ധതി തയാറാക്കിയതായി വിവരം ലഭിച്ചുവെന്നും ഇറാൻ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു.
അമേരിക്കയുമായുള്ള ഏതൊരു ചർച്ചയ്ക്കും മുമ്പായി അമേരിക്കയെ മേഖലയിൽ നിന്നും പുറന്തള്ളണമെന്നും വിനാശകരമായ പ്രഹരം ഏൽപിക്കണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പറഞ്ഞു. യു എൻ പൊതുസഭയിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യൂയോർക്കിലേക്ക് തിരിക്കും.
ഇറാനെ നശിപ്പിക്കുകയോ സാമ്പത്തികമായി തകർക്കുകയോ കരാറിലെത്തുകയോ ആണ് അമേരിക്കയ്ക്ക് മുന്നിലുള്ള വഴിയെന്ന് ട്രംപ് തുറന്നുപറഞ്ഞു. അമേരിക്ക- ഇറാൻ ചർച്ചകൾ പുനരാരംഭിക്കുന്നതിനായുള്ള മധ്യസ്ഥശ്രമം തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈയിൽ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതിനുശേഷം 109 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.









