Headlines

വാദം പൊളിയുന്നു; GST വകുപ്പിന് ആന്റോ നൽകിയത് വയനാട് വാഴവറ്റയിലെ വിവാദ വീടിന്റെ വിലാസം

തിരുവനന്തപുരം: വയനാട് വാഴവറ്റയിലെ വീട് തന്റേതല്ലെന്ന റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വാദത്തിനിടെ കൂടുതൽ രേഖകൾ പുറത്ത്. ജിഎസ്ടി വകുപ്പിന് നൽകിയ മൊഴിയിൽ നൽകിയിരിക്കുന്നത് ഇതേ വീടിന്റെ മേൽവിലാസമാണ്. അതേസമയം വൻ മദ്യശേഖരം പിടികൂടിയ വാഴവറ്റയിലെ വീടിന്റെ രണ്ടാംനില ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നിർമിച്ചതെന്ന വിവരവും പുറത്തുവന്നു. 24 മണിക്കൂർ കസ്റ്റഡിക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ തുടരുന്നതിനായി മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.

അതിനിടെ മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എല്ലാം മുൻസർക്കാരിനുമേൽ ചാരി, തലയൂരാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമം. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള തീരുമാനങ്ങളെല്ലാം സർക്കാർ തലത്തിലെന്നാണ് മൊഴി. ജിഎസ്ടി വകുപ്പിന് ആഗസ്റ്റ് മൂന്നിനാണ് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയത്. സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു സമീപിച്ചത് സർക്കാർ ആണെന്നും, അന്നത്തെ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണ്. അതിന് പിന്നാലെയാണ് സ്പോൺസർഷിപ്പിനായി തന്നെ സമീപിച്ചതെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. സർക്കാരിന് വേണ്ടി പണം ചെലവാക്കാൻ തീരുമാനിച്ചത് ഗുഡ് വില്ലിന് വേണ്ടിയെന്നും ആന്റോ. ആന്റോ പറയുന്നത് തള്ളണോ കൊള്ളണോ എന്ന് പ്രതിപക്ഷനേതാവ് തന്നെ പറയട്ടെയെന്ന് കായികമന്ത്രി ഒ ജെ ജനീഷ്.

അതേസമയം കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശിപാർശ ചെയ്യാനൊരുങ്ങുകയാണ് സർക്കാർ. കള്ളപ്പണം വെളുപ്പിച്ചോയെന്ന സംശയത്തിൽ ഇഡി അന്വേഷണത്തിനാണ് സാധ്യത. പിടിച്ചെടുത്ത രേഖകളുടെ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് എസ്ഐടി.