ആലപ്പുഴ: ആലപ്പുഴയിലെ കെഎസ്‌യുവിന്റെ ദയനീയ തോല്‍വിയില്‍ ജില്ലാ നേതൃത്വത്തില്‍ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എംഎല്‍എ സംഘടനയെ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. കെ സി വേണുഗോപാലിനെ കണ്ട് നേതാക്കള്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.
അവസാനമായി ജില്ലാ കമ്മിറ്റി വിളിച്ച് ചേര്‍ത്തത് നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പാണെന്നും നേതാക്കള്‍ പറയുന്നു. പല കോളേജുകളിലും യൂണിറ്റ് കമ്മിറ്റികള്‍ പോലുമില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ജനറല്‍ബോഡി പോലും വിളിക്കാനായില്ലെന്നും പരാതിയുണ്ട്. അതേസമയം തോല്‍വിക്ക് കാരണം ഒരു വിഭാഗം കെഎസ്‌യു പ്രവര്‍ത്തകരുടെ നിസ്സഹകരണമാണെന്നാണ് എ ഡി തോമസിന്റെ വിശദീകരണം. ജില്ലയില്‍ നിന്ന് നാല് സംസ്ഥാന ഭാരവാഹികള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയില്ലെന്നും എ ഡി തോമസ് പറയുന്നു. കെ സി വേണുഗോപാലിനെ കണ്ട് എ ഡി തോമസ് ഇക്കാര്യം അറിയിച്ചു. തോല്‍വിയില്‍ പരിശോധന നടത്തുമെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.
കേരള സര്‍വ്വകലാശാലക്ക് കീഴില്‍ ജില്ലയിലുള്ള 18 കോളേജുകളിലും എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചെടുത്തിരുന്നു. ഒരിടത്തു പോലും കെഎസ്‌യുവിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. കായംകുളം എംഎസ്എം കോളേജില്‍ കെഎസ്‌യു നല്‍കിയ പരാതിയിലൂടെ എസ്എഫ്‌ഐ ചെയ്ര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കഴിഞ്ഞെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. മറ്റ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നെങ്കിലും നേതൃതലത്തിലെ കടുത്ത വീഴ്ച്ചകള്‍ ആലപ്പുഴയില്‍ പരാജയത്തിലേക്ക് കെഎസ്‌യുവിനെ തള്ളിവിട്ടെന്നും ആക്ഷേപം ഉയര്‍ന്നു. ഇതോടെ ജില്ലാ നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ആവശ്യം.






