പാക്കിസ്ഥാനിൽ പെട്രോൾ വില ഓരോ ദിവസവും കത്തിക്കയറുന്നതിനിടെ സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകത്ത് ഏറ്റവുമധികം ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. ലഭ്യത കുറയുകയും വില കൂടുകയും ചെയ്തത് പാക്കിസ്ഥാനികളെ വെട്ടിലാക്കി.
രാജ്യാന്തര ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇപ്പോൾ ഓരോ ദിവസവും ഇന്ധനവില പരിഷ്കരിക്കുകയാണ് പാക്കിസ്ഥാൻ സർക്കാർ. ജൂണിൽ ലീറ്ററിന് 299 പാക്കിസ്ഥാനി രൂപയായിരുന്നു പെട്രോൾ വില. ഇപ്പോഴത് 390 രൂപയാണ്. ഡീസൽ വില ലീറ്ററിന് 309 രൂപയായിരുന്നത് 425 രൂപയായി. ഇതോടെ രാജ്യമെങ്ങും പ്രതിഷേധം കത്തിയതോടെയാണ് ഷെഹബാസ് ഷെരീഫ് സബ്സിഡി പദ്ധതി അവതരിപ്പിച്ചത്.
ഇരുചക്ര വാഹനങ്ങൾ, ഓട്ടോ റിക്ഷകൾ, 800 സിസി വരെയുള്ള കാറുകൾ എന്നിവയ്ക്കാണ് സബ്സിഡി. ഇരുചക്ര വാഹനങ്ങൾക്കും റിക്ഷകൾക്കും മാസം 20 ലീറ്ററിന്റെ ക്വാട്ടയിൽ ഓരോ ലീറ്ററിനും 100 രൂപ സബ്സിഡി കിട്ടും. കാറുകൾക്ക് ക്വാട്ട 30 ലീറ്ററാണ്. ലീറ്ററിന് 100 രൂപ സബ്സിഡി കാറുടമകൾക്കും നൽകും.
വാഹന നമ്പറും എൻജിൻ വിശദാംശങ്ങളും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽഫോണിൽ നിന്ന് സർക്കാരിന്റെ പ്രത്യേക നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുമ്പോൾ ഉപയോക്താവിനൊരു കൂപ്പൺ കിട്ടും. ഇത് പെട്രോൾ പമ്പുകളിൽ കാണിച്ചാണ് സബ്സിഡി നിരക്കിൽ ഇന്ധനം വാങ്ങേണ്ടത്. എന്നാൽ, സർക്കാരിന്റെ നീക്കത്തെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷമായ പിടിഐയുടെ നേതാക്കൾ സിന്ധ് അസംബ്ലിയിൽ കഴുതസവാരി നടത്തിയാണ് എത്തിയത്.
ഓരോ ദിവസവും ഇന്ധനവില കൂട്ടുന്ന പാക്കിസ്ഥാൻ ഫെഡറൽ സർക്കാരിന്റെ നയം ജനങ്ങളെ വറുതിയിലാക്കിയെന്ന് പിടിഐ നേതാവ് സജ്ജാദ് അലി ഉൾപ്പെടെ ആരോപിച്ചു. സർക്കാരിലെ ഉന്നതരും ഉദ്യോഗസ്ഥരും ആഡംബര ജീവിതം നയിക്കുമ്പോൾ ജനങ്ങൾ വിലക്കയറ്റത്തിൽ കഷ്ടപ്പെടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും കൂടുതൽ പാക്കിസ്ഥാനിലാണെന്നും അവർ പറയുന്നു. അതേസമയം, 20 വർഷം വരെ പഴക്കമുള്ള ബൈക്കുകൾ, റിക്ഷകൾ എന്നിവയ്ക്കും സബ്സിഡി ആനുകൂല്യം ലഭിക്കുമെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞു. ജനരോഷം തണുപ്പിക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ വിചിത്രമായ നിർദേശങ്ങളും ഷെബഹാസ് ഷെരീഫ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇങ്ങനെ:
∙ കടകൾ, ഷോപ്പിങ് മാളുകൾ, ചന്തകൾ എന്നിവ രാത്രി 9ന് അടയ്ക്കണം.
∙ വിവാഹ സൽക്കാരങ്ങൾ രാത്രി 10വരെ മാത്രം. സൽക്കാരത്തിന് ഒറ്റ ഭക്ഷണ വിഭവം മാത്രമേ വിളമ്പാവൂ.
∙ റസ്റ്ററന്റുകൾ, കഫേകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവ രാത്രി 11ന് അടയ്ക്കണം. ഭക്ഷണത്തിന്റെ പാഴ്സലിനും ഹോം ഡെലിവറിക്കും ഇത് ബാധകമല്ല.
∙ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന പെട്രോൾ അലവൻസ് മൂന്നുമാസത്തേക്ക് 50 ശതമാനമാക്കി കുറച്ചു. സൈനിക വാഹനങ്ങൾക്ക് ഇതു ബാധകമല്ല.









