Headlines

UPI ഫീസ്: തീരുമാനം വിദേശ ഇടപെടലുകളെ തുടർന്നല്ല, ചെറുകിട വ്യവസായികൾക്ക് ഗുണം ചെയ്യും; ധനകാര്യ മന്ത്രാലയം

ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം. യുപിഐ മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയും ആണ് ലക്ഷ്യം. തീരുമാനം വിദേശ ഇടപെടലുകളെ തുടർന്നല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തീരുമാനം ചെറുകിട വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രവാദം. ഉപഭോക്താക്കളിൽ നിന്ന് ഒരു രൂപ പോലും ഫീസ് ഇനത്തിൽ ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു.

വ്യാപാരികൾ ഫീസ് ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ‌യുപിഐ സേവന ദാദാക്കൾ പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തീരുമാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപിന് പ്രീണിപ്പിക്കുന്നത് തുടരുന്നുവെന്നും, VISA, മാസ്റ്റർകാർഡ് കമ്പനികൾക്ക് നേട്ടമുണ്ടാക്കി നൽകുന്നുവെന്നും കോൺഗ്രസ് വിമർശനം.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. എന്നാൽ വ്യക്തിഗത ഇടപാടുകൾക സൗജന്യമായി തുടരും.75,000 രൂപയോ അതിൽ കൂടുതലോ UPI പേയ്‌മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും.2000 രൂപയ്ക്ക് മുകളിലുള്ള റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കും. അതേസമയം, റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.