Headlines

CPIM സംസ്ഥാന നേതൃത്വത്തിൽ പിടിമുറുക്കി ദേശീയ നേതൃത്വം; നടപടി ഉറപ്പാക്കിയത് പി ബി യുടെ ഇടപെടൽ

കോഴിക്കോട്: സിപിഐഎം സംസ്ഥാന നേതൃത്വത്തിൽ പിടിമുറുക്കി ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിയ്ക്ക് പിന്നാലെ സംസ്ഥാനനേതൃത്വം പുനസംഘടിപ്പിച്ചും, ശൈലിമാറ്റത്തിന് നേതാക്കൾക്ക് നിർദേശം നൽകിയും തിരുത്തൽ ആരംഭിച്ച് സിപിഐഎം. പി ബി യുടെ ഇടപെടലാണ് നടപടി ഉറപ്പാക്കിയത്. പരാജയത്തിന് ഉത്തരവാദികൾ ഉണ്ടായേ മതിയാകൂവെന്നും സംസ്ഥാന സെക്രട്ടറിയെ ഒഴിവാക്കാൻ കഴിയില്ലന്നും കേന്ദ്ര നേതൃത്വം വിപുലീകൃത സംസ്ഥാന സമിതിയിൽ വ്യക്തമാക്കി.

സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനെതിരെയുള്ള നടപടി ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നടപടി ഉണ്ടായേ മതിയാകൂ എന്ന് ജനറൽ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കുകയായിരുന്നു. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ എം വി ഗോവിന്ദനെ, എം എ ബേബി ശാസിച്ചു. പിണറായി വിജയൻ ശൈലി തിരുത്തണമെന്ന് നിർദേശമുയർന്നു. മൂന്ന് ദിവസം നീണ്ട വിപുലീകൃത സംസ്ഥാന കമ്മിറ്റി തിരുത്തൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചാണ് സമാപിച്ചിരിക്കുന്നത്.

സിപിഐഎം സംഘടനാതലത്തിൽ വൻ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ്, ഡോക്ടർ ജോൺ ബ്രിട്ടാസ് എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോക്ടർ ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കി. ഒമ്പത് വനിത-യുവജന നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കി. ടി പി രാമകൃഷ്ണന് പകരം പി രാജീവ് എൽഡിഎഫ് കൺവീനറായേക്കും.