യുഎസ്, ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ, കഴിഞ്ഞ ഏപ്രിൽ ആദ്യം ഇറാനിൽ തകർന്നുവീണ യുഎസ് എഫ്15 ഇ യുദ്ധവിമാനത്തിലെ വെപ്പൺ സിസ്റ്റം ഓഫീസർ ‘ഡ്യൂഡ് 44 ബ്രാവോ’ (Dude 44 Bravo) എന്ന യുഎസ് എഫ്-15 ഇ ഫൈറ്റർ ജെറ്റ് ഓഫീസർ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. സിബിഎസിന്റെ ’60 മിനിറ്റ്സ്’ ഷോയിൽ അദ്ദേഹം നൽകിയ പുതിയ അഭിമുഖത്തിലാണ് ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങള്‍ വിവരിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലവും അപകടവും
ഇറാനിലെ ഇസ്ഫഹാനു സമീപംഡ്രോൺ, മിസൈൽ നിർമ്മാണ ശാലകൾ ലക്ഷ്യമിട്ട് ഏപ്രിൽ 2നാണ് യുഎസ് സൈനിക മിഷൻ നടത്തിയത്. ഈ മിഷനിടെയാണ് ഇറാൻ വിക്ഷേപിച്ച ഷോൾഡർ ഫയേർഡ് മിസൈൽ ഇടിച്ച് ഏകദേശം 30 ദശലക്ഷം ഡോളർ വിലമതിക്കുന്ന എഫ്-15 ഇ യുദ്ധവിമാനം തകർന്നുവീണത്. ഒരു ഗുഡ്സ് ട്രെയിൻ ഇടിച്ചതുപോലെയുള്ള ആഘാതമായിരുന്നു വിമാനത്തിന് ഏറ്റതെന്ന് ബ്രാവോ വ്യക്തമാക്കുന്നു.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ‘ആൽഫയും’ ബ്രാവോയും പാരച്യൂട്ട് വഴി പുറത്തേക്ക് ഇജക്ട് ചെയ്തു. എന്നാൽ മിസൈൽ ആഘാതത്തിൽ ബ്രാവോയുടെ പാരഷൂട് തകർന്നിരുന്നു. മണിക്കൂറിൽ 70-100 മൈൽ വേഗതയിൽ താഴേക്ക് പതിച്ച അദ്ദേഹത്തിന് പുറംഭാഗം, കൈ എന്നിവ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. എങ്കിലും തളരാതെ അദ്ദേഹം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇറാന്റെ നീക്കങ്ങളും 66,000 ഡോളർ ഇനാമും
വിമാനം തകർന്നു എന്ന് ഉറപ്പായതോടെ ഇറാൻ റവല്യൂഷനറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും പൈലറ്റുമാർക്കായി ശക്തമായ തെരച്ചിൽ ആരംഭിച്ചിരുന്നു. പൈലറ്റുമാരെ ജീവനോടെ പിടികൂടി യുഎസിനെ പ്രതിരോധത്തിലാക്കാൻ ഇറാൻ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി പൈലറ്റുമാരെ ജീവനോടെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഏകദേശം 66,000 ഡോളർ പ്രതിഫലവും ഇറാൻ പ്രഖ്യാപിച്ചിരുന്നു.
50 മണിക്കൂർ നീണ്ട അതിജീവനവും സാഹസിക രക്ഷാപ്രവർത്തനവും
പൈലറ്റ് ‘ആൽഫയെ’ അപകടം നടന്ന് ആറു മണിക്കൂറിനുള്ളിൽ യുഎസ് സൈന്യം കടുത്ത തോക്കുധാരികളുടെ ഇടയിലൂടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ബ്രാവോയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഗുരുതര പരുക്കുകളോടെയും ഭക്ഷണവും വെള്ളവുമില്ലാതെയും അദ്ദേഹം ഇറാൻ മലനിരകളിലെ ഒരു വിടവിൽ ഒളിച്ചിരുന്നു.
എസ്.ഇ.ആർ.ഇ (SERE) ട്രെയിനിങ്: തന്റെ പരിശീലന മികവുകൊണ്ട് ഇറാൻ സൈന്യം തൊട്ടടുത്തുകൂടി പോയിട്ടും രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒടുവിൽ രഹസ്യ സന്ദേശം അയച്ചതിനെ തുടർന്ന് സി.ഐ.എയുടെ രഹസ്യ സാങ്കേതികവിദ്യയുടെ സഹായത്തോടെ അമേരിക്ക അദ്ദേഹത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി.
ഈസ്റ്റർ ഞായറാഴ്ചയിലെ മോചനം: അപകടം നടന്ന് ഏകദേശം 50 മണിക്കൂറുകൾക്ക് ശേഷം, ഞായറാഴ്ച പുലർച്ചെ പ്രത്യേക ‘ലിറ്റിൽ ബേർഡ്’ (Little Bird) ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് സംഘം ഇറാന്റെ മണ്ണിൽ താൽക്കാലിക ലാൻഡിങ് സ്ട്രിപ്പ് ഒരുക്കി ബ്രാവോയെ സുരക്ഷിതമായി പുറത്തെത്തിച്ചു.
വിലപിടിപ്പുള്ള വിമാനങ്ങളുടെ നഷ്ടം: രക്ഷാപ്രവർത്തനത്തിനിടെ രണ്ട് സി-130 വിമാനങ്ങളുടെ ലാൻഡിങ് ഗിയർ മണലിൽ കുടുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഏകദേശം 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന ആ വിമാനങ്ങളും ഹെലികോപ്റ്ററുകളും സാങ്കേതികവിദ്യ ശത്രുക്കളുടെ കൈകളിൽ എത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തു കളയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.









