Headlines

അമീബിക് മസ്തിഷ്കജ്വരം: തലയ്ക്ക് പരുക്കേറ്റവർക്ക് രോഗസാധ്യത, മൂക്കിന് ശസ്ത്രക്രിയ നടത്തിയവരും ശ്രദ്ധിക്കണം

മലപ്പുറം ∙ തലയ്ക്കു പരുക്കേൽക്കുകയോ തലയ്ക്കും മൂക്കിനും ശസ്ത്രക്രിയ നടത്തുകയോ ചെയ്തവർക്കു ജലാശയങ്ങളിൽനിന്ന് അമീബിക് മസ്തിഷ്കജ്വരം പിടിപെടാനുള്ള സാധ്യതയേറെയെന്ന് പഠനം. സംസ്ഥാന ആരോഗ്യവകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്ന് കഴിഞ്ഞ വർഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിനാൽ ഇത്തരത്തിൽ പരുക്കുള്ളവരും ശസ്ത്രക്രിയ നടത്തിയവരും പൊതുജലാശയങ്ങളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കുകയോ ജാഗ്രത പാലിക്കുകയോ വേണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ.ജെറോമി തങ്കരാജ്, ഡോ.മനോജ് മുറേക്കർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വിദഗ്ധരും ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.താടിയെല്ല്, മുഖം എന്നിവിടങ്ങളിലടക്കം പരുക്കേറ്റവർ, മൂക്കിനു ശസ്ത്രക്രിയ നടത്തിയവർ എന്നിവരിൽ സാധാരണ ജലാശയങ്ങളിൽ നിന്നുപോലും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് കണ്ടെത്തിയതായാണ് പഠനത്തിൽ പറയുന്നത്. ഇതിനു പുറമേ മുറിവുകളും വ്രണങ്ങളും സാധാരണ ജലാശയങ്ങളിലെ വെള്ളത്തിൽ കഴുകൽ, ക്ലോറിനേഷൻ നടത്താത്ത കിണറുകളിലെ വെള്ളത്തിന്റെ ഉപയോഗം, മൂക്കിലേക്ക് ശക്തിയായി വെള്ളം കയറ്റൽ എന്നിവയിലൂടെയെല്ലാം രോഗം പിടിപെട്ടതായും കണ്ടെത്തി. രോഗം ബാധിച്ച വിവിധ ആളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്ത് 25.8% ആണ് അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്കെന്നും പഠനത്തിൽ പറയുന്നു.

∙ ഇപ്പോഴത്തെ കാലാവസ്ഥയിൽ രോഗസാധ്യത കൂടുതൽ
നെഗ്ലേറിയ ഫൗളരി എന്ന അമീബ ബാധിച്ചവരിൽ രോഗം പെട്ടെന്ന് ഗുരുതരമായി മരണം സംഭവിച്ചതായും എന്നാൽ അക്കാന്തമീബ പോലുള്ളവയിൽ ചികിത്സ കുറച്ചുകൂടി ഫലപ്രദമായതായും വിദഗ്ധർ പറയുന്നു. മഴ കുറയുമ്പോൾ ജാഗ്രത വേണം. മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗത്തിനു സാധ്യതയേറെയെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുന്ന അമീബകൾ പെരുകാനുള്ള സാഹചര്യം കൂടുതലായതിനാലാണിത്.മലിനമായതോ മഴയിൽ മലിനജലം ഒഴുകിയെത്തുകയോ ചെയ്യുന്ന ജലാശയങ്ങളിൽ ഇറങ്ങരുതെന്നും പൊതുജലാശയങ്ങളിൽ കുളിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. മലപ്പുറം കാടാമ്പുഴയിൽ ഒരു യുവാവ് കഴിഞ്ഞ മാസം മരിക്കുകയും ഒരു കുട്ടി നിലവിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നുണ്ട്.അക്കാന്തമീബയാണ് ബാധിച്ചതെന്ന് കണ്ടെത്തി. നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ‌പൊതുകുളങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കണമെന്നും കിണറുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.