Headlines

ഹോട്ടലിലെ പൈപ്പ്‌ലൈനുകൾവരെ പരിശോധിക്കും, വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം: ഷിയുടെ സുരക്ഷ ശക്തം

ന്യൂഡൽഹി∙ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് കനത്ത സുരക്ഷ. ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിവിധ ഏജൻസികളുടെ ഏകോപനത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷി ചിൻപിങ് താമസിക്കുന്ന താജ് പാലസ് ഹോട്ടലിൽ കനത്ത സുരക്ഷയാണ്. ഭീകരവിരുദ്ധ സേനയെയും ബോംബ് സ്‌ക്വാഡിനെയും വിന്യസിച്ചു. 24 മണിക്കൂറോളം ഷി ചിൻപിങ് ഇന്ത്യയിൽ ചെലവഴിക്കും.

റേഡിയേഷൻ, ബയോകെമിക്കൽ ഭീഷണികൾ കണ്ടെത്താനുള്ള പരിശോധനകളും സുരക്ഷാ ഏജൻസികൾ നടത്തുന്നുണ്ട്. ഹോട്ടലിനും ഹാളിനും സമീപത്തെ ഭൂഗർഭ പൈപ്പ്‌ലൈനുകളും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഏജൻസികൾ പരിശോധിച്ചു. ഷി ചിൻപിങ് സഞ്ചരിക്കുന്ന ലിമോസിൻ കാർ 10 ദിവസം മുൻപേ ഇന്ത്യയിലെത്തിച്ചിരുന്നു.

എയർ ചൈനയുടെ ബോയിങ് 747-8 വിമാനത്തിലാണ് ഷി ചിൻപിങ് യാത്ര ചെയ്യുന്നത്. ഇതൊരു മൊബൈൽ കമാൻഡ് സെന്റർ കൂടിയാണ്. സർക്കാർ, സൈനിക കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെടാൻ സഹായിക്കുന്ന എൻക്രിപ്റ്റഡ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സംവിധാനം വിമാനത്തിലുണ്ട്. കൂടാതെ, മിസൈൽ പ്രതിരോധ സംവിധാനങ്ങളും വിമാനത്തിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രാവിമാനത്തെ പരിഷ്കരിച്ചാണ് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയത്. വിദേശ സുരക്ഷാ സംഘങ്ങൾ കൊണ്ടുവരുന്ന ഉപകരണങ്ങൾക്ക് ഇന്ത്യൻ നിയമങ്ങൾ ബാധകമാണ്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഉപകരണങ്ങൾക്ക് അനുമതിയില്ല.

30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന വിദേശ പ്രതിനിധികൾക്കും അതിഥികൾക്കും പഴുതടച്ച സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസിന്റെ കെ9 ശ്വാനസേനയും സജ്ജമായിട്ടുണ്ട്. ഭാരത് മണ്ഡപത്തിലും പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും പരിശോധനകൾക്കായി നൂറിലധികം പൊലീസ് നായ്ക്കളെയാണു വിന്യസിച്ചിരിക്കുന്നത്.

ഇന്നും നാളെയും പ്രധാന യോഗങ്ങൾ നടക്കുന്ന ഭാരത് മണ്ഡപത്തിൽ 30 സ്നിഫർ നായ്ക്കളെയും ഹാൻഡ്‌ലർമാരെയും 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്. മറ്റു നായ്ക്കളെ ഹോട്ടലുകളിലും വിദേശപ്രതിനിധികളോ അവരുടെ കുടുംബാംഗങ്ങളോ സന്ദർശിക്കാൻ സാധ്യതയുള്ള മാർക്കറ്റുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലും നിരീക്ഷണത്തിനു നിയോഗിച്ചിട്ടുണ്ട്. വേദി, പരിസരം, ഇരിപ്പിടങ്ങൾ, കോണിപ്പടികൾ, പൂന്തോട്ടങ്ങൾ, പാർക്കിങ് ഏരിയ, വാഹനങ്ങൾ തുടങ്ങി എല്ലായിടത്തും നായ്ക്കളുടെ സൂക്ഷ്മ നിരീക്ഷണമുണ്ടാകും.

മെറ്റൽ ഡിറ്റക്ടറുകളും മറ്റ് ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചു സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കൊപ്പമാണ് കെ9 സംഘവും പ്രവർത്തിക്കുന്നത്. ബെൽജിയൻ മാലെൻവ, ലാബ്രഡോർ, ജർമൻ ഷെപ്പേഡ് തുടങ്ങിയ ഇനങ്ങളിൽപെട്ട, പരിശീലനം ലഭിച്ച 50 നായ്ക്കളെ ഇന്ത്യൻ കരസേനയിൽ നിന്നു ഡൽഹി പൊലീസ് ഈ വർഷം സേനയുടെ ഭാഗമാക്കിയിരുന്നു. നിലവിൽ 110 നായ്ക്കളാണു കെ9 യൂണിറ്റിലുള്ളത്.