ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന. ഭീകരതക്കെതിരായ പൊതു നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, യുഎൻ സുരക്ഷാ കൗൺസിലിലേക്കുള്ള ഇന്ത്യയുടെ ശ്രമത്തിനുള്ള പിന്തുണ എന്നിവ ഡൽഹിയിലെ പ്രഖ്യാപനം അടിവരയിട്ടേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമവായമുണ്ടാക്കാൻ ശ്രമം. പ്രാദേശിക സമഗ്രതയുടെയും പരമാധികാരത്തിന്റെയും ലംഘനത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്താൻ നീക്കം.
ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയില്ല. മനുഷ്യത്വം ആദ്യം എന്ന ആശയത്തിൽ രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കുന്ന ഫലങ്ങൾ അടിവരയിടാൻ നീക്കം. പുതിയ ലോക ക്രമത്തിൽ ഗ്ലോബൽ സൗത്തിൻ്റെ ശബ്ദം പ്രതിഫലിപ്പിക്കണമെന്ന തീരുമാനം. സംഭാഷണം, ചർച്ച, സഹകരണം എന്നിവയ്ക്കുള്ള വേദിയായി ബ്രിക്‌സിന് സ്ഥാപിക്കും. ബ്രിക്സ് രാജ്യങ്ങളുടെ വികസനത്തിനുള്ള പരസ്പര സഹായം ഉറപ്പാക്കും.
അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സ ഹകരണത്തിനുള്ള ചർച്ചകളാണ് പ്രധാന അജണ്ടയെന്ന് സൂചന. ഉയർന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വിസ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം എന്നിവയിൽ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് 12.10 ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിൽ എത്തും. ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. രാവിലെ പതിനൊന്ന് മണിക്ക് അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും.








