‘പവർകട്ടിന്റെ ചൂടറിഞ്ഞ് മന്ത്രി’; സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങി, പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങി

കൊച്ചി: പവർകട്ടിന്റെ ചൂടറിഞ്ഞ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എറണാകുളത്ത് KSEB ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനത്തിൽ മന്ത്രി സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി മുടങ്ങിയത്.തുടർന്ന് പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് മന്ത്രി സണ്ണി ജോസഫ് മടങ്ങി.

എന്നാൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പീക്ക് അവറുകളിൽ ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങുന്നത് ജനരോഷമുയർത്തുകയാണ്. ഇന്നും സർക്കാരിന്റെ പരിമിതികൾ വിശദീകരിച്ച വൈദ്യുതിമന്ത്രി സണ്ണി ജോസഫ്, സ്വിച്ചിട്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലെന്ന് ന്യായീകരിച്ചു.

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ പി അനിൽകുമാർ കുറ്റപ്പെടുത്തി.നിലവിലെ പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദീർഘവീക്ഷണം ഇല്ലായ്മയെന്നാണ് പ്രതിപക്ഷ വിമർശനം.വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിവരക്കേട് പറയുന്നുവെന്ന് മുൻ മന്ത്രി എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു. മുൻകാലങ്ങളിൽ പ്രതിസന്ധിയുണ്ടായപ്പോൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിച്ചതെന്ന് മുൻ മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു.വൈദ്യുതി മുടക്കം മുൻകൂട്ടി അറിയിക്കാനുള്ള നടപടി തുടങ്ങിയെന്ന് KSEB ചെയർമാൻ എം ജി രാജമാണിക്യം അറിയിച്ചു.