കണ്ണൂർ: തിരുവനന്തപുരം ചിറയിൻകീഴിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ചിറയിൻകീഴ് എം എൽ എയ്ക്ക് മാതൃക മുഖ്യമന്ത്രിയാണ്,മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് മാതൃകയാക്കുകയാണ് ചിറയിൻകീഴ് എംഎൽഎയെന്നും 102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ യുഡിഎഫിൽ ഉണ്ടായി. ശേഷിക്കുന്ന മാസങ്ങളിൽ എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കരാറുകാരിൽ നിന്നും പണം പിരിക്കാനായി ഒരു സംഘത്തെ എം.എൽ.എ നിയോഗിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അത്തരം അനധികൃത പണപ്പിരിവിനെയും ഔദ്യോഗിക യോഗത്തിൽ ഗുണ്ടാസംഘത്തിലെ അനുയായികളെ എം.എൽ.എ പങ്കെടുപ്പിക്കുന്നതിനെയും ചോദ്യം ചെയ്തപ്പോൾ ഗുണ്ടാസംഘവുമായി വീട്ടിൽ കയറി ചിറയിൻകീഴ് മണ്ഡലത്തിലെ കൊന്തള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയേക്കാൾ കരുത്ത് ചിറയിൻകീഴ് എം.എൽ.എ കാട്ടിയത്, എം വി ജയരാജൻ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും.
102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് മാതൃകയാക്കുകയാണ് ചിറയിൻകീഴ് എം.എൽ.എ. കരാറുകാരിൽ നിന്നും പണം പിരിക്കാനായി ഒരു സംഘത്തെ എം.എൽ.എ നിയോഗിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അത്തരം അനധികൃത പണപ്പിരിവിനെയും ഔദ്യോഗിക യോഗത്തിൽ ഗുണ്ടാസംഘത്തിലെ അനുയായികളെ എം.എൽ.എ പങ്കെടുപ്പിക്കുന്നതിനെയും ചോദ്യം ചെയ്തപ്പോൾ ഗുണ്ടാസംഘവുമായി വീട്ടിൽ കയറി ചിറയിൻകീഴ് മണ്ഡലത്തിലെ കൊന്തള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയേക്കാൾ കരുത്ത് ചിറയിൻകീഴ് എം.എൽ.എ കാട്ടിയത്.
പ്രതിപക്ഷത്തിരിക്കുമ്പോൾ വടകര എം.പി തന്നെ ആദ്യം പ്രസംഗിക്കാൻ വിളിക്കാത്തതിന് വേദിയിലിരുന്ന അധ്യക്ഷനായ കോൺഗ്രസ് നേതാവിനെ കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കിയത് എം.എൽ.എക്ക് ആവേശം പകർന്നിട്ടുണ്ടാകും. വീട്ടിൽ കയറി മർദ്ദിച്ചതിന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പോലീസിന് നൽകിയ പരാതിയിൽ കേസില്ല. എന്നാൽ തന്നെ മർദ്ദിച്ചു എന്ന എം.എൽ.എയുടെ പരാതിയിൻമേൽ കേസ് രജിസ്റ്റർ ചെയ്തു.
ഭാവിയിൽ മന്ത്രി കുപ്പായത്തിനായി കാത്തിരിക്കുന്ന പാലാ എം.എൽ.എ വഞ്ചനാ കേസിൽ ശിക്ഷിക്കപ്പെട്ടു. അതാവട്ടെ കോടികളുടെ തട്ടിപ്പാണ് താനും. മറ്റൊരു എം.എൽ.എ പട്ടയത്തിനായി കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായി. പരാതി നൽകിയ ആളെ ഭീഷണിപ്പെടുത്താൻ വി.ഡിയുടെ മാതൃക സ്വീകരിക്കാൻ എം.എൽ.എ മറന്നുപോയിട്ടുമില്ല. മാസം മൂന്നേ കഴിഞ്ഞിട്ടുള്ളൂ. മൂന്നിനകം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ, സദാചാര മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ടീം യു.ഡി.എഫിൽ നിന്ന് ഉണ്ടായി. ജനം ചോദിക്കുകയാണ്, ശേഷിക്കുന്ന 57 മാസങ്ങളിൽ ടീം യു.ഡി.എഫിൽ നിന്നും എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?








