ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് അപകടം. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.വിദ്യാർത്ഥികൾക്കായി പേയിംഗ് ഗസ്റ്റ് സൗകര്യം നൽകിയിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടം തകരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അകത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ചയായതിനാല്‍ ഭൂരിഭാഗം പേരും താമസസ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിവരമുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി 5 ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍ നിരവധി കോളേജുകള്‍ ഉള്ളതിനാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മേഖലയിലാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്. കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെയും അഗ്‌നിശമന സേനാംഗങ്ങള്‍ ആളുകളെ തിരയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.






