തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ കെപിസിസി അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹിയിലായതിനാല്‍ രമ്യ ഹരിദാസ് എംഎല്‍എ അന്വേഷണ ചുമതലയുള്ള എം എം ഹസനുമായി ഫോണില്‍ സംസാരിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അന്വേഷണ സമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കില്ല. ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഇതിനുശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും ജില്ലാപഞ്ചായത്തംഗം സജിത് മുട്ടപ്പലവും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിൽ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി വിവരം വന്നിരുന്നു. അച്ചടക്ക നടപടിക്ക് മുമ്പ് തര്‍ക്കം തീര്‍ക്കാനാണ് നീക്കം നടക്കുന്നത്. കേസ് രമ്യ ഹരിദാസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രമ്യ ഹരിദാസ് എംഎല്‍എ ആയതിനാല്‍ തന്നെ അവരെ വെട്ടിലാക്കുന്ന സമീപനവുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നത് പ്രതിസന്ധിയാണ്. എന്നാല്‍ സംഘടനാ തലത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് നേതൃത്വം നീക്കം നടത്തുന്നത്. ഇന്ന് രാത്രി തന്നെ പാളയം പ്രദീപ്, സജിത്ത് മുട്ടപ്പാലം അടക്കമുള്ളവര്‍ക്കെതിരെ സംഘടനാ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. രമ്യാ ഹരിദാസിന് താക്കീത് നല്‍കാനും തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ആരോപണവിധേയനായ പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് എന്ന രമ്യാ ഹരിദാസിന്റെ വാദം തെറ്റെന്ന് വ്യക്തമായിരുന്നു. രമ്യയുടെ സഹായിയായാണ് പ്രദീപ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തില്‍ ഉള്‍പ്പെടെ പ്രദീപ് പങ്കെടുത്ത നടപടിയും വിവാദമാവുകയാണ്.
ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമായാണെന്ന് വിവരം വന്നിരുന്നു. രമ്യ ഹരിദാസിന്റെ സഹായി മാത്രമാണ് പാളയം പ്രദീപ്. ഔദ്യോഗിക പിഎയ്ക്ക് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്.
പാളയം പ്രദീപ് യോഗത്തില്‍ പങ്കെടുത്തത് സജിത്ത് മുട്ടപ്പാലം ചോദ്യം ചെയ്തിരുന്നു. പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് സജാദ്.








