Headlines

സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക്: മണിപ്പുരിലെ ആശുപത്രിയിൽ കമ്യൂണിറ്റി സർവീസ് ചെയ്യാൻ നിർദേശം, എഫ്ഐആർ റദ്ദാക്കി

 

ന്യൂഡൽഹി∙ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് റജിസ്റ്റർ ചെയ്ത എഫ്ഐആർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഇരുവിഭാഗവും തമ്മിൽ തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിലാണു കോടതി നടപടി. എന്നാൽ, കേസ് റദ്ദാക്കുന്നതിനു പകരമായി പ്രതികളായ യുവാക്കൾ മണിപ്പൂരിലെ ഒരു ആശുപത്രിയിൽ സാമൂഹിക സേവനം (കമ്യൂണിറ്റി സർവീസ്) ചെയ്യണമെന്ന് കോടതി നിർദേശം നൽകി.

പരാതിക്കാരനും പ്രതികളായ രണ്ടു യുവാക്കളും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും അവർക്കിടയിൽ നിലവിൽ യാതൊരുവിധ പരാതികളുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ കേസ് വിചാരണയിലേക്കു നീങ്ങിയാൽ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുന്നത് ആർക്കും പ്രയോജനം ചെയ്യില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ‘‘കേസ് റദ്ദാക്കണമെന്ന അപേക്ഷ അനുവദിക്കുന്നതോടൊപ്പം, പ്രതികൾ സാമൂഹിക സേവനം ചെയ്യണമെന്നും നിശ്ചിത തുക പിഴയായി നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നത് ഉചിതമായിരിക്കും. ഹർജിക്കാരനും മറ്റൊരു പ്രതിയും മണിപ്പൂരിലെ റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (ആർഐഎംഎസ്) രണ്ടു മണിക്കൂർ വീതമുള്ള ആറ് സെഷനുകളിലായി സാമൂഹിക സേവനം നടത്തണം’’ – ജസ്റ്റിസ് പ്രതീക് ജലാൻ ഓഗസ്റ്റ് 21 നു പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.

യുവാക്കൾ ഇവിടുത്തെ മെഡിക്കൽ സൂപ്രണ്ടിനു മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം നിശ്ചയിക്കുന്ന ജോലികൾ ചെയ്യണമെന്നും കോടതി നിർദേശിച്ചു. രണ്ട് മാസത്തിനകം ഈ സാമൂഹിക സേവനം പൂർത്തിയാക്കണം. ഇതിനുശേഷം മെഡിക്കൽ സൂപ്രണ്ട് നൽകുന്ന സർട്ടിഫിക്കറ്റ് കോടതി രേഖകളിൽ ഹാജരാക്കേണ്ടതുണ്ട്. ഇതിനു പുറമെ, ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷന്‍ ഇരുവർക്കും രണ്ടാഴ്ചയ്ക്കകം 10,000 രൂപ ധനസഹായം നൽകാനും കോടതി ഉത്തരവിട്ടു. ഡൽഹിയിലെ ദാബ്രി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് ഈ വിധി.

കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാടക ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവാവിനെയും സുഹൃത്തിനെയും പ്രതികൾ അതിക്രമിച്ചു കയറി മർദ്ദിച്ചു എന്നായിരുന്നു പരാതി. മർദ്ദനത്തിനിടയിൽ കിച്ചൺ സ്ലാബിലേക്കു തലയിടിച്ച് വീണ പരാതിക്കാരനു ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ കേസിൽ മാരകായുധങ്ങളോ തോക്കോ ഉപയോഗിച്ചിട്ടില്ലെന്നും മനഃപൂർവം തലയ്ക്കു പരുക്കേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. യാതൊരുവിധ സമ്മർദ്ദവുമില്ലാതെയാണ് കേസ് ഒത്തുതീർപ്പാക്കിയതെന്നു പരുക്കേറ്റ യുവാവ് കോടതിയെ അറിയിച്ചു. പരുക്കുകളിൽനിന്ന് പൂർണ്ണമായി മുക്തനായെന്നും പഴയതുപോലെ സുഹൃത്തുക്കളായി തുടരുകയാണെന്നും യുവാക്കൾ വ്യക്തമാക്കിയതോടെയാണു കോടതി കേസ് അവസാനിപ്പിച്ചത്.