ഉള്ളുനുറുങ്ങി ആ അമ്മ വിളിച്ചു, എൻ തങ്കമേ, എൻ രാസാവേ…; ‘ഇനി ഞാൻ എങ്ങനെ ജീവിക്കും?

 

മുളങ്കുന്നത്തുകാവ് ( തൃശൂർ) ∙ ‘നാൻ പെറ്റ മകനേ… എൻ ചാമിയേ… എന്നെ തവിക്ക വിട്ടിട്ട് പോയിട്ടേയെടാ…’ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇടമുറിയാതെ ഉയർന്ന ആ അമ്മമാരുടെ തേങ്ങൽ ആർക്കും കണ്ടുനിൽക്കാൻ ആകുമായിരുന്നി ല്ല. അപകടത്തിൽ മരിച്ച ഡിണ്ടിഗൽ സ്വദേശികളായ എൻ.ജീവയുടെയും ഐ.സൂര്യയുടെയും അമ്മമാർ പരസ്പരം കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.

ഒന്നിച്ചുകളിച്ച്, ഒന്നിച്ചുപഠിച്ച്, ഒന്നിച്ചുവളർന്ന്, അവസാനം മരണത്തിലും ഒന്നിച്ചവർ… ഉറ്റ ബന്ധുക്കളും ആത്മമിത്രങ്ങളുമായിരുന്നു സൂര്യയും ജീവയും. ഒന്നും പറയാതെ എന്തിനു പോയെന്നു ചോദിച്ച്, ഉറക്കെയുറക്കെ അവർ തങ്ങളുടെ മക്കളോടുതന്നെ പരിഭവിച്ചുകൊണ്ടിരുന്നു. സൂര്യയുടെ ഭൗതികദേഹവും കാത്ത് അമ്മ മീനാകുമാരിയും ഇളയ സഹോദരൻ ഹരിഹരനും തളർന്നിരുന്നു. ഫോൺ മുഴങ്ങിയപ്പോൾ കോളെടുത്ത് അവർ ഒരുവിധം പറഞ്ഞു; ‘സെത്തുപോച്ചെടാ…’. ജീവയുടെ അമ്മ മേഘലയും ബന്ധുക്കളും കാറിൽ വന്നിറങ്ങിയപ്പോൾത്തന്നെ ഇരുവരും ഓടിയടുത്ത് കെട്ടിപ്പിടിച്ചു കരഞ്ഞു. വന്ന നിമിഷം മുതൽ പോസ്റ്റ്മോർട്ടത്തിനുശേഷം ജീവയെ തിരികെക്കിട്ടുന്നതുവരെ അമ്മ മേഘല ഇരുന്നിടത്തുനിന്ന് മാറിയില്ല. ‘എൻ ചാമിയേ’ എന്നു വിളിച്ച് തലതല്ലിക്കരഞ്ഞു. ‘എൻ തങ്കമേ, എൻ രാസാവേ, എൻ മകനേ…’ ഇരുപതു വർഷക്കാലമത്രയും പ്രാണനായി വളർത്തിയ മകനെ വിളിച്ച ഓമനപ്പേരുകളൊക്കെയും ആ അമ്മ ആവർത്തിച്ചു. ‘പോതും… പോതും…’ ബന്ധുക്കളും പൊലീ സും നൽകിയ കുടിവെള്ളം പോലും ആ അമ്മയുടെ തൊണ്ടയിൽ കുരുങ്ങി. തേങ്ങിക്കരഞ്ഞ് നീർവറ്റിയ കണ്ണുകളുയർത്തി ചുറ്റും കൂടിനിന്നവരോട് അവർ ചോദിച്ചു; ‘ഇനി ഞാൻ എങ്ങനെ ജീവിക്കും? കയ്യോ കാലോ നഷ്ടപ്പെട്ടു.. ജീവനുണ്ട് എന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. വന്നപ്പോഴാണ് അറിഞ്ഞത് അവൻ മരിച്ചെന്ന്’.

നെഞ്ചുപൊട്ടുന്ന കരച്ചിലിനിടയിലും പെട്ടെന്നൊരു നിമിഷം അവർ മകനെക്കുറിച്ച് പറഞ്ഞു. ‘‘എൻ പുള്ളൈ… വീട്ടിൽ എല്ലാ പണിയും അവൻ ചെയ്യുമായിരുന്നു . പശുക്കളുണ്ടായിരുന്ന കാലത്ത് അതുങ്ങളെ നന്നായി നോക്കും. പറമ്പിലും പണിയെടുക്കും. പത്തുലക്ഷം രൂപ വായ്പയെടുത്താണ് പഠിക്കാൻ അയച്ചത്. എനിക്കും അവന്റെ അച്ഛനും വലിയ വിദ്യാഭ്യാസവുമില്ല. അതുകൊണ്ട് മകനെ പഠിപ്പിച്ച് നല്ലൊരു നിലയിൽ എത്തിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ടീച്ചർമാർക്കൊക്കെ വലിയ കാര്യമായിരുന്നു. എവിടെയും കറങ്ങിനടക്കുന്ന സ്വഭാവമില്ല. കോളജിൽനിന്നു വന്നാൽ നേരെ വീട്ടിലേക്ക്. അപ്പാവുക്ക് അവനെ വലിയ ഇഷ്ടമാണ്. അവൻ വിട്ടുപോയെന്ന് അപ്പാവെ അറിയിച്ചിട്ടില്ല; ആക്‌സിഡന്റായി, ഒരു കാൽ പോയെന്നേ പറഞ്ഞിട്ടുള്ളൂ…’

 

ജീവയുടെ ചിത്രവുമായി ഒരു ബന്ധു അടുത്തേക്കുവന്നതോടെ, നിലവിളി വീണ്ടുമുയർന്നു: ‘എൻ ചാമിയേ…’. ജീവയുടെ ശരീരം പുറത്തേക്കു കൊണ്ടുവന്നപ്പോൾ, മണിക്കൂറുകളോളം തളർന്നിരുന്ന ആ പടവുകളിൽനിന്ന് ആ അമ്മ വേച്ചുകൊണ്ട് എഴുന്നേറ്റു.