തിരുവനന്തപുരം∙ ഇംഗ്ലിഷ് നോവല്‍ വായനയിലൂടെ വന്‍ തുക നേടാമെന്ന് വാഗ്ദാനം ചെയ്ത് മണി ചെയിന്‍ മാതൃകയില്‍ മൊബൈല്‍ ആപ്പിലൂടെ 1.25 കോടി രൂപ തട്ടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു പൊലീസ്. 106 പേരില്‍ നിന്ന് 1,25,73,402 രൂപ തട്ടിയെന്ന കേസാണു വിതുര പൊലീസ് എടുത്തിരിക്കുന്നത്. പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് തട്ടിപ്പിന്റെ വ്യാപ്തി സ്ഥിരീകരിച്ച് സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നതെന്ന് റൂറല്‍ എസ്.പി പ്രശാന്തന്‍ കാണി പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും അന്വേഷണം നയിക്കുക. സൈബര്‍ പൊലീസിന്റെ സഹായവും ഉണ്ടാകും. ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി മുകേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഉടന്‍ രൂപീകരിക്കും. സൈബര്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകുമെന്നും റൂറല്‍ എസ്പി പറഞ്ഞു. വഞ്ചനാക്കേസും സൈബര്‍ കുറ്റകൃത്യങ്ങളും ഒരുമിച്ച് അന്വേഷിക്കേണ്ട സാഹചര്യമായതിനാലാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും എസ്പി വ്യക്തമാക്കി. തട്ടിപ്പുകാര്‍ മറ്റു രാജ്യം കേന്ദ്രീകരിച്ചാണോ അതോ ഇന്ത്യയില്‍നിന്നു തന്നെയാണോ ആപ്പുണ്ടാക്കി ആളുകളെ കുടുക്കിയതെന്നു കണ്ടെത്തുകയാണ് പ്രാഥമികലക്ഷ്യം. കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ആദ്യഘട്ടത്തില്‍ പണം കിട്ടിയവര്‍ ഉള്‍പ്പെടെ പരാതിക്കാരായും രംഗത്തുണ്ട്. സംഭവത്തില്‍ 6 പേര്‍ക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തിരിക്കുന്നത്. എന്‍ടിഎല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എന്‍ടിഎല്‍ ആപ്പിലൂടെയായിരുന്നു തട്ടിപ്പ്. വിതുര, നെടുമങ്ങാട്, വലിയമല, ആര്യനാട്, പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 106 സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായത്. തൊളിക്കോട് തേവന്‍പാറ സുമയ്യ മന്‍സിലില്‍ മുഹമ്മദ് സാബിത്തിന്റെ പരാതിയില്‍ ആപ്പ് തട്ടിപ്പിന് ഇരയായവര്‍ക്ക് പരിചയപ്പെടുത്തുകയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്ത 6 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തട്ടിപ്പിന് വിദേശ ഉത്തരേന്ത്യന്‍ ബന്ധമുണ്ടെന്ന നിഗമനമാണുള്ളത്.
മണി ചെയിന്‍ മാതൃകയില്‍ നടന്ന തട്ടിപ്പില്‍ ചിലര്‍ക്കു 12 ലക്ഷം രൂപ വരെ നഷ്ടമായിട്ടുണ്ട്. 21025 രൂപ അടയ്ക്കുമ്പോള്‍ 25 ടാസ്‌ക് നല്‍കുകയാണ് തട്ടിപ്പുകാര്‍ ചെയ്തിരുന്നത്. പ്രതിദിനം 725 രൂപ കിട്ടുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ആളുകളെ ചേര്‍ത്തിരുന്നത്. ഇന്ത്യയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ 1500 കമ്പനികളുമായി പങ്കാളിത്തമുണ്ടെന്നും ഇവര്‍ പറഞ്ഞു. പണമടച്ച് ആപ്പില്‍ ലോഗിന്‍ ചെയ്ത് ഇംഗ്ലിഷ് നോവലുകള്‍ വായിക്കുന്നതിനു പണം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. പലര്‍ക്കും ആദ്യഘട്ടത്തില്‍ പണം കിട്ടി. ഇതോടെ പണം കിട്ടിയവര്‍ മറ്റുള്ളവരെ ചേര്‍ത്തു. അതിനുള്ള കമ്മിഷനും അവര്‍ക്കു ലഭിച്ചു. കൂടുതല്‍ ആളുകള്‍ ചേര്‍ന്നതിനു പിന്നാലെ നോവലും ടാസ്‌കും ഇല്ലാതായി. ആളുകള്‍ അങ്കലാപ്പിലായതിനു തൊട്ടുപിന്നാലെ ആപ്പും പൂട്ടി തട്ടിപ്പുകാര്‍ കളംവിട്ടു. ഇതോടെയാണ് ചേര്‍ത്തവരും ചേര്‍ന്നവരുമെല്ലാം പൊലീസ് സ്‌റ്റേഷനിലേക്കു പരാതിയുമായി എത്തിയത്. വിവരം പുറത്തു പറഞ്ഞാല്‍ കൈകാര്യം ചെയ്യുമെന്ന് ഇതില്‍ ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വേണ്ടി കരുതിവച്ചിരുന്ന പണവും മക്കളുടെ കമ്മല്‍ പണയം വച്ച പണവുമൊക്കെ സാധാരണക്കാരായ വീട്ടമ്മമാര്‍ ഇതില്‍ നിക്ഷേപിച്ചിരുന്നു. ഇടനിലക്കാരനായ തൊളിക്കോട് സ്വദേശി സനോഫര്‍ പറഞ്ഞിട്ടാണ് ആപ്പിന്റെ ഭാഗമായതെന്നാണു വിതുര ഭാഗത്തുള്ളവര്‍ പറഞ്ഞത്. ആപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന്റെ ഭാഗമാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഇയാളും വിതുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ആദ്യം 1,800 രൂപ അയച്ച് ആപ്പില്‍ ജോയിന്‍ ചെയ്തതിനു പിന്നാലെ ഈ തുകയ്ക്ക് പുസ്തകങ്ങള്‍ ആപ്പില്‍ ലഭ്യമാക്കും. ഇതില്‍ ഒരു പുസ്തകം വായിക്കുന്നതിന് 25 രൂപ വീതം നല്‍കുന്നതാണ് ആദ്യ ടാസ്‌ക്. ഇതുവഴി 1,800 രൂപയുടെ ഇരട്ടിയോളം ആദ്യ ഘട്ടത്തില്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് ലഭിച്ചു. പിന്നാലെ കൂടുതല്‍ തുക ആപ്പിലെ യുപിഐ നമ്പറിലേക്ക് നിക്ഷേപിക്കാന്‍ തട്ടിപ്പിനരയായവര്‍ നിര്‍ബന്ധിതരായി. പല ഘട്ടങ്ങളിലായി വന്‍ ലാഭത്തിലുള്ള തുക മടക്കി ലഭിച്ചു. എന്നാല്‍ 6 ഘട്ടം കഴിഞ്ഞതോടെ കളിയുടെ ഗതി മാറി. ഏഴാം ഘട്ട ടാസ്‌കിന്റെ ഭാഗമായി അടച്ച തുകയാണ് തട്ടിയത്. പരാതി നല്‍കിയ തൊളിക്കോട് സ്വദേശിക്ക് 21,025 രൂപ നഷ്ടപ്പെട്ടു. 69,000 രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. തന്ത്രപരമായി 106 പേരെയും ഏകദേശം ഒരേ സമയം ഏഴാം ഘട്ട ടാസ്‌കിന്റെ ഭാഗമായി തുക നിക്ഷേപിക്കാന്‍ ആപ്പ് മാനേജ്‌മെന്റില്‍ തന്നെ സംവിധാനം ഒരുക്കിയിരുന്നു. ഏഴാം ഘട്ടത്തിനു ശേഷം ആപ്പില്‍ കയറാന്‍ സാധിക്കാതെയായി. ഇതോടെ തുകകള്‍ നിക്ഷേപിച്ചവര്‍ പരിഭ്രാന്തരായി. പിന്നാലെ തട്ടിപ്പിനിരയായവരില്‍ ചിലര്‍ മുന്‍കൈ എടുത്ത് ഒരു വാട്‌സാപ് ഗ്രൂപ്പ് തുടങ്ങി എല്ലാവരെയും ആഡ് ചെയ്തു. ഗ്രൂപ്പിനുള്ളിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തൊളിക്കോട് സ്വദേശി വിതുര പൊലീസില്‍ പരാതി നല്‍കിയത്. പലരും കുടുംബത്തിലെ മറ്റുള്ളവര്‍ അറിയാതെയാണ് അമിത ലാഭമെന്ന പ്രലോഭനത്തില്‍പ്പെട്ട് വന്‍ തുക എല്‍ടിഎല്‍ പ്രൈവറ്റ് ലിമിറ്റഡ് ആപ്പിലേക്ക് നിക്ഷേപിച്ചത്.






