Headlines

മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട: പിടിച്ചത് 2 കിലോ എംഡിഎംഎ; എത്തിച്ചത് എയർ കൂളറിൽ ഒളിപ്പിച്ച്

 

കൊച്ചി ∙ മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ടയുമായി പൊലീസ്. 2 കിലോയിലധികം വരുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ മട്ടാഞ്ചേരി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായി. മട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫൽ, മട്ടാഞ്ചേരി തായകത്ത് ടി.എ.സഫീർ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം കറുപ്പത്ത് ജംക്‌ഷനിൽനിന്ന് രാത്രി ഒമ്പതു മണിയോടെ 0.01 ഗ്രാം എംഡിഎംഎയുമായി സഫീർ പിടിയിലായതോടെയാണ് ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം നൗഫലിലേക്ക് എത്തുന്നത്.

കുടുംബത്തോടൊപ്പം ഒന്നാം നിലയിൽ താമസിച്ചിരുന്ന നൗഫലിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 16 ഗ്രാം എം‍ഡിഎംഎ കണ്ടെത്തി. തുടർന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് രണ്ടു കിലോയിലധികം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. താമസ സ്ഥലത്തുനിന്ന് നാലു കിലോമീറ്റർ അകലെയുള്ള കരുവേലിപ്പടിയിലാണ് ഇയാളുടെ കാർ പാർക്ക് ചെയ്തിരുന്നത്.

എറണാകുളത്തും പരിസര പ്രദേശങ്ങളിലും നാലു മാസമായി ലഹരി മരുന്ന് എത്തിച്ചിരുന്നത് നൗഫലാണെന്ന് പൊലീസ് പറയുന്നു. അഞ്ച് വർഷത്തിലേറെയായി ലഹരി ഇടപാടുകളിൽ സജീവമായ ഇയാൾ മുൻപും ഒട്ടേറെ ലഹരിക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ഡൽഹിയിൽ നിന്നാണ് ഇയാൾ ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ നിലവിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.

കടത്തിന്റെ വഴികൾ

 

എയർ കൂളറിൽ ഒളിപ്പിച്ചാണ് ഇവർ രണ്ടു കിലോ എംഡിഎംഎ നാട്ടിലെത്തിച്ചതെന്നാണ് വിവരം. നൗഫലിന്റെ കാറിൽ നിന്ന് പിടിച്ച 1.90 കിലോഗ്രാം എംഡിഎംഎ, ഓർഡർ ചെയ്തത് സഫീറാണ്. സ്ഥിരം കുറ്റവാളിയും കാപ്പ ചുമത്തണമെന്ന് പൊലീസ് ശുപാർശ ചെയ്തിരുന്ന വ്യക്തിയുമാണ് നൗഫൽ.ഇന്നലെ രാത്രി പാലാരിവട്ടം കറുപ്പത്ത് ജംക്‌ഷനിൽ വച്ച് സഫീറിനെ എറണാകുളം സിറ്റി ഡാൻസാഫ് സംഘം പൊക്കുമ്പോൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്നത് വെറും 1.01 ഗ്രാം എം‍ഡിഎംഎ. ഇത് ഇട്ടിരുന്ന പ്ലാസ്റ്റിക് കവർ കൂടി തൂക്കിയാൽ പോലും 0.27 ഗ്രാം. എന്നാൽ തങ്ങൾ പിടികൂടിയിരിക്കുന്നത് ചെറിയ മീൻ അല്ലെന്ന് ഡാൻസാഫ് സംഘത്തിന് അറിയാമായിരുന്നു. ചോദ്യം ചെയ്യലിൽ സഫീർ നൗഫലിന്റെ പേര് വെളിപ്പെടുത്തി. രാത്രിയോടെ സഫീറിന്റെ അറസ്റ്റ് പാലാരിവട്ടം പൊലീസ് രേഖപ്പെടുത്തി. പിന്നാലെ രാത്രി 1 മണിയോെട ഡാൻസാഫ് സംഘം മട്ടാഞ്ചേരിയിലേക്ക്. നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ചത് 16 ഗ്രാം എംഡിഎംഎ മാത്രം. ബാക്കി എവിടെയെന്ന ചോദ്യത്തിന് നൗഫൽ ഒടുവിൽ മനസു തുറന്നു. ഇതോടെ ഡാൻസാഫിന്റെ ഒരു സംഘം കരുവേലിപ്പടിയിലേക്ക് നീങ്ങി. വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ കാർ പാർക്ക് ചെയ്തിരിക്കുന്നു. പൊലീസ് പൊക്കിയാല്‍ തന്നെ ലഹരി അവർക്ക് ലഭിക്കരുത്, അതുകൊണ്ടാണ് കാർ അകലെ പാർക്ക് ചെയ്തതെന്ന് പ്രതി ഡാൻസാഫിനോട് സമ്മതിച്ചു. നൗഫൽ ലീസിനെടുത്ത് ഓൺലൈൻ ടാക്സിയായി ഓടുന്നതാണ് ഈ കാർ‌.കമ്പനിയുടെ പാക്കിങ് പോലും പൊട്ടിക്കാത്ത 3 എയർ കൂളറുകളും വാട്ടർ ഫിൽട്ടറോടു കൂടിയ ഒരു കൂളിങ് കാബിനറ്റുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നു മാത്രമേ ഒറ്റ നോട്ടത്തിൽ തോന്നൂ. നൗഫലിന്റെ സാന്നിധ്യത്തിൽ ഡാൻസാഫ് സംഘം എയർ കൂളറുകളും അഴിച്ചെടുത്തു. ഇതോടെയാണ് ഇതിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുന്നത്. 2 കിലോഗ്രാമിന് വെറും ഏഴു ഗ്രാം മാത്രം കുറവ്. ആകെ അഞ്ച് പായ്ക്കറ്റുകളിലായി എത്തിച്ച എംഡിഎംഎയിൽ രണ്ട് പായ്ക്കറ്റ് ഇതിനകം തന്നെ വിൽപ്പനയ്ക്കായി പോയിരുന്നു. ഇത് ആരൊക്കെയാണ് കൊണ്ടുപോയത് എന്നന്വേഷിക്കുകയാണ് ഡാൻസാഫ് സംഘം ഇപ്പോൾ.നൈജീരിയ അടക്കം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഡൽഹിയിൽ എംഡിഎംഎയുടെ വിതരണക്കാർ എന്നാണ് ഇവർ ഡാൻസാഫിനോട് പറഞ്ഞത്. മലയാളികളായ ഇവരുടെ കൂട്ടാളികൾ ആദ്യം ചെയ്യുന്നത് പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുകയാണ്. തുടർന്ന് ഇവ അഴിച്ച് ലഹരി ഇതിൽ ഒളിപ്പിക്കുന്നു. ശേഷം കമ്പനി ഏതു വിധത്തിലാണോ ഉപകരണങ്ങൾ പായ്ക്ക് ചെയ്തത് അതേ പടി വീണ്ടും പായ്ക്ക് ചെയ്യുന്നു. അഴിച്ചതാണ് എന്നു പോലും ആർക്കും തോന്നാത്ത വിധത്തിലാണ് ഇത്. ശേഷം ട്രെയിനിൽ ബുക്ക് ചെയ്ത് കേരളത്തിലേക്ക്. ഇവിടെ എത്തുമ്പോൾ നൗഫലും സഫീറും അടക്കമുള്ളവർ ഉപകരണങ്ങള്‍ ഏറ്റുവാങ്ങുന്നു. മോഷണം, ലഹരി കേസുകളിൽ അടക്കം പ്രതിയാണ് നൗഫൽ.