Headlines

‘കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂവില്‍ പറഞ്ഞ കാര്യമാണ് പ്രസംഗിച്ചത്; പറയേണ്ടത് വൃത്തിയായി പറഞ്ഞിട്ടുണ്ട്’; തോമസ് ഐസക്

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള നിലപാടിലുറച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോക്ടര്‍ ടി എം തോമസ് ഐസക്. കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂവില്‍ പറഞ്ഞ കാര്യമാണ് പ്രസംഗിച്ചതെന്നും പറയേണ്ടത് വൃത്തിയായി പറഞ്ഞിട്ടുണ്ടെന്നുമാണ് തോമസ് ഐസകിന്റെ വിശദീകരണം.

 

 

തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും രണ്ട് രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. അതില്‍ പറയാത്ത എന്തെങ്കിലും കാര്യം പറഞ്ഞോ. എങ്ങനെയാണ് ഇത്രയും പ്രമാദമായ പ്രശ്‌നമാക്കി മാധ്യമങ്ങള്‍ ഇത് മാറ്റിയത് എന്നതില്‍ എനിക്ക് അത്ഭുതമാണ്. പറഞ്ഞത് വായിച്ചാല്‍ മതി. പറയാത്ത കാര്യങ്ങള്‍ വായിച്ചുണ്ടാക്കി വിവാദം വേണ്ട. ഞാന്‍ പറഞ്ഞത് പൂര്‍ണമായും കേന്ദ്ര കമ്മിറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. അത്മാത്രമല്ല പറഞ്ഞത്.

പത്ത് കൊല്ലത്തെ ഭരണത്തില്‍ അഹങ്കാരം കൂടി, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനവികാരം പരിഗണച്ചില്ല, സഹകരണ ബാങ്കുകളിലെ അഴിമിതികള്‍ തിരിച്ചടിയായി എന്നിങ്ങനെയെല്ലാമായിരുന്നു ഇന്നലെ തോമസ് ഐസക്ക് ഉന്നയിച്ച വിമര്‍ശനങ്ങള്‍. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ഉയര്‍ന്നുകേട്ട സിപിഐഎം – ബിജെപി ഡീല്‍ ആരോപണത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഡീല്‍ ഉണ്ടെന്ന് ജനങ്ങളും വിശ്വസിച്ചു. നമ്മുടെ ചില വര്‍ത്തമാനങ്ങളും പ്രചാരണത്തെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗങ്ങളില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ അതൃപ്തിയുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രസംഗങ്ങള്‍ ചര്‍ച്ചയായേക്കും.