Headlines

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍; യാത്ര ഒഴിവാക്കിയത് കടുത്ത പനി മൂലമെന്ന് വിവരം

 

തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യകാരണങ്ങളാലാണ് പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. പിണറായി വിജയന് കടുത്ത പനിയാണെന്നും യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചുവെന്നുമാണ് വിവരം. ഡല്‍ഹിയിലേക്ക് പോകാന്‍ അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. (Pinarayi Vijayan absent from CPIM central committee meeting due to fever)

 

 

കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാനാണ് യോഗം ചേരുന്നത്. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഇന്നും ഏരിയ കമ്മിറ്റികളില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. 21 ന് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമെന്ന് പറഞ്ഞത് പ്രകാരം കേരള ഹൗസില്‍ മുറിയും ബുക്ക് ചെയ്തിരുന്നതാണ്. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് പിണറായി വിജയന്‍ നിര്‍ണായക യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം.കേരളത്തില്‍ തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരം അല്ലെന്നാണ് കേന്ദ്ര കമ്മറ്റിക്ക് മുന്നില്‍ വച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാറാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിച്ചത് തിരിച്ചടിയായി. ബിജെപി വോട്ടുകളും യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടു.വിമതര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. ഇവര്‍ പാര്‍ട്ടിക്കെതിരെ ആസൂത്രിതമായ നീക്കം നടത്തി. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കൂട്ടായ ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. കേരളത്തില്‍ നിന്നും രണ്ട് അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

 

കേരള ഘടകം ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കര്‍ശനമായ തെറ്റ് തിരുത്തല്‍ നടപടികള്‍ വേണം. നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണം എന്നും ചര്‍ച്ചയില്‍ നിര്‍ദേശം വന്നു. ബംഗാള്‍, തമിഴ്‌നാട് അംഗങ്ങളില്‍ നിന്നാണ് വിമര്‍ശനമുണ്ടായത്.