Headlines

വിശ്വാസത്തിന്റെ ഏഴു വാതിലുകള്‍ പ്രകാശനം നിര്‍വഹിച്ചു

 

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിന്റെ പാദമുദ്രകള്‍ തിരുശേഷിപ്പായി തലയുയര്‍ത്തി നില്‍ക്കുന്ന വഴികളിലൂടെ ഡോ. ജോര്‍ജ് എം. കാക്കനാട് നടത്തിയ വിശ്വാസ യാത്രയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തുന്ന, ‘വിശ്വാസത്തിന്റെ ഏഴു വാതിലുകള്‍’ പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന്‍ ഏഴു രാജ്യങ്ങളിലൂടെ നടത്തി തീര്‍ഥാടനമാണ് ഈ യാത്രാ വിവരണ പുസ്തകത്തിന്റെ ഉള്ളടക്കം.

 

 

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഡോ. തോമസ് മാര്‍ അത്തനാസിയസ് മെത്രാപ്പോലീത്ത കേന്ദ്ര ഗ്രാമ വികസന വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സന്തോഷ് മാത്യു ഐഎഎസിന് ആദ്യ പ്രതി നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് തീരുമേനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ അടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ബിഹാര്‍ കേഡറില്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനായ സന്തോഷ് മാത്യു ഐഎഎസ് തിരുവനന്തപുരം പട്ടം ഇടവകാംഗമാണ്.

 

തുര്‍ക്കി മുതല്‍ അല്‍ബേനിയ വരെയുള്ള ഏഴു രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിട്ടുളളത്. തുര്‍ക്കിയുടെ മണ്ണില്‍ റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളില്‍ ഇന്നും മുഴങ്ങിനില്‍ക്കുന്ന ആദ്യകാല സഭകളുടെ പ്രാര്‍ത്ഥനാധ്വനികളില്‍ നിന്നാണ് പുസ്തകത്തിന്റെ തുടക്കം. ഗ്രീസിലെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ ദൈവത്തോടടുത്ത് സ്ഥിതിചെയ്യുന്ന മെറ്റിയോറയിലെ ആശ്രമങ്ങളും, അല്‍ബേനിയയിലെയും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും അതിപുരാതനമായ ദേവാലയങ്ങളും വായനക്കാര്‍ക്ക് പുതിയ അനുഭവം പകരുന്നതാണ്.

 

നൂറ്റാണ്ടുകളിലൂടെ പരീക്ഷണങ്ങളെയും അതിജീവിച്ച് നിലകൊണ്ട ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമേറിയ ചരിത്രവും അതിന്റെ ജീവസ്സുറ്റ ചൈതന്യവും അനുഭവവേദ്യമാകുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഏഴു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം കേവലം ഭൂമിശാസ്ത്രപരമായ ഒരു യാത്ര മാത്രമല്ല മറിച്ച് വിശ്വാസത്തിന്റെ ഉള്ളറകളിലേക്ക് കടുന്നു ചെല്ലുന്ന ഒരു തീര്‍ത്ഥാടനമായിരുന്നുവെന്ന് എഴുത്തുകാരന്‍ പറുന്നു. അവിടുത്തെ പ്രാര്‍ത്ഥനാന്തരീക്ഷവും ദൈവസാന്നിധ്യവും നല്‍കിയ ആത്മീയ വെളിച്ചം വരുംകാല ജീവിത യാത്രയില്‍ തനിക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.