ടെഹ്‌റാൻ∙ പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിടുമ്പോൾ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മേഖലയിലെ ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട എഴുതി തയാറാക്കിയ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആഹ്വാനം. നന്മയുടെ പാതയിൽ വാക്കുകളിലെ ഐക്യവും സൗഹൃദവും സഹകരണവുമാണ് ഇസ്‌ലാമിക രാഷ്ട്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമെന്ന് അദ്ദേഹം സന്ദേശത്തിൽ ഓർമിപ്പിച്ചു. അറിയാതെയോ മനപൂർവമായോ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന നടപടികളിലേക്ക് ആരും കടക്കരുതെന്നും, അത് ഇസ്‌ലാമിന്റെ ശത്രുക്കളെ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഎസും ഇസ്രയേലുമാണ് മേഖലയിലെ യഥാർഥ ശത്രുക്കൾ. അവരുടെ തന്ത്രങ്ങൾ മനസ്സിലാക്കി ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാൻ മേഖലയിലെ ഭരണാധികാരികൾ തയാറാകണമെന്നും ആവശ്യപ്പെടുന്നു. ഫെബ്രുവരി 28ന് മുൻ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ ഖമനയി അധികാരം ഏറ്റെടുത്തത്. എന്നാൽ സ്ഥാനമേറ്റെടുത്ത ശേഷം ഇതുവരെ അദ്ദേഹം പൊതുവേദികളിൽ എത്തുകയോ അദ്ദേഹത്തിന്റെ ദൃശ്യങ്ങളോ ശബ്ദരേഖയോ അധികൃതർ പുറത്തുവിടുകയോ ചെയ്തിട്ടില്ല.
എഴുതി തയാറാക്കിയ സന്ദേശങ്ങളിലൂടെ മാത്രമാണ് അദ്ദേഹം നിലപാടുകൾ അറിയിക്കുന്നത്. യുദ്ധത്തിനിടെ സൗദി അറേബ്യ, യുഎഇ, ജോർദാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഈ അയൽരാജ്യങ്ങളുമായുള്ള ഇറാന്റെ നയതന്ത്രബന്ധത്തിൽ വലിയ വിള്ളലുകൾ വീണിട്ടുമുണ്ട്.
മേഖലാതല ഒത്തുചേരലിന് പുറമേ രാജ്യത്തിനകത്തെ ഭിന്നതകൾ മാറ്റിവയ്ക്കാനും ഇറാനിയൻ ജനതയോടും ഉദ്യോഗസ്ഥരോടും പരമോന്നത നേതാവ് ആവശ്യപ്പെട്ടു. സാമൂഹിക ഐക്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അമേരിക്കൻ ഉപരോധവും ഉപരോധ സമാനമായ ഉപരോധ തടസ്സങ്ങളും സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടക്കാൻ ഇറാനിയൻ സമ്പദ്‌വ്യവസ്ഥയിലെ ഡോളർ ആശ്രിതത്വം ഘട്ടംഘട്ടമായി ഒഴിവാക്കണമെന്നും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കണമെന്നും നിർദേശിച്ചു.അതേസമയം, രാജ്യം കരുത്താർജിച്ച സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായതായി ഇറാന്റെ പ്രസിഡന്റും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.









