തൃശൂർ ∙ പുലിമുഖം വരച്ച്, ശരീരമാകെ ചായം പൂശി, ചെണ്ട താളത്തിനൊപ്പം അരമണി കിലുക്കി തൃശൂരിനെ ആവേശത്തിലാക്കി പുലികളിറങ്ങി. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള പുലിക്കളി വൈകിട്ട് 4 മണി മുതലാണ് സ്വരാജ് ഗ്രൗണ്ടിൽ തുടങ്ങിയത്. ബിനി ജംക്ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് പുലിക്കളി ഫ്ലാഗ് ഓഫ് ചെയ്തു.
കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെ 450 പുലികളാണ് ഇത്തവണ അണിനിരക്കുന്നത്. 9 ദേശങ്ങളുടെ പുലികളാണ് ശക്തന്റെ തട്ടകം കീഴടക്കുന്നത്. ഇത്തവണയും പുലിവേഷമിട്ട വനിതകളുടെ സാന്നിധ്യമുണ്ട്. ശങ്കരൻകുളങ്ങര ദേശം, ചക്കാംമുക്ക് ദേശം, സീതാറാം മിൽ ദേശം, കുട്ടൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, വിയൂർ ദേശം, ഒളരിക്കര ദേശം, അയ്യന്തോൾ ദേശം, പാട്ടുരായ്ക്കൽ ദേശം എന്നീ സംഘങ്ങളാണ് ഇത്തവണ ചുവടുവയ്ക്കുന്നത്. ഓരോ പുലികളി സംഘത്തിനൊപ്പവും നിശ്ചല ദൃശ്യങ്ങളും ഉണ്ട്.
നാടും നഗരവും കീഴടക്കിയ പുലികളെ കാണാനായി വിവിധയിടങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പുലിക്കളിയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.







