തിരുവനന്തപുരം ∙ കൊണ്ടോട്ടി സബ് ആർടിഒ പരിധിയിൽ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണ വിവരങ്ങൾ പുറത്ത്. ഷൗക്കത്തലി 2021 ജൂൺ ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ 2 വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് 2 വർഷത്തിനു ശേഷം 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ ആറിന് അപേക്ഷ നൽകുകയും നവംബർ 11ന് കൊണ്ടോട്ടി സബ് ആർടിഒ പരിധിയിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ (എഎംവിഐ) മുൻപാകെ വാഹനം ഹാജരാക്കുകയും ചെയ്തു. പരിശോധനയിൽ വാഹനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നത് നിരസിച്ചു.
ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ കാബിന്റെ ഇരുവശങ്ങളിലും വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ കാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയ്ലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു. ഈ മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും പരിശോധനയ്ക്കായി വാഹനം ഹാജരാക്കാനും ആവശ്യപ്പെട്ടു. ഇതിന് ശേഷം വാഹനം വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഷൗക്കത്തലി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
സ്റ്റീൽ റെയ്ലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയാണ് വാഹനം ഹാജരാക്കിയത്. എന്നാൽ റെയ്ലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. തള്ളിനിൽക്കുന്ന ഭാഗങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും ഷൗക്കത്തലി പങ്കുവച്ച വിഡിയോയിൽ കാണാം. ദൃശ്യങ്ങളിലുള്ള പ്രേംകുമാർ എന്ന ഉദ്യോഗസ്ഥന് 2026 മാർച്ച് 16ന് കോഴിക്കോട് രാമനാട്ടുകര സബ് ആർടിഒ ഓഫിസിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്തലി വാഹനം കൊണ്ടുചെന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫിറ്റ്നസ് നിരസിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
‘അടുത്ത ഇര നിങ്ങളാകരുത് ’; നാടിനെ കണ്ണീരണിയിച്ച് ഷൗക്കത്തലിയുടെ കുറിപ്പ്
കിഴിശ്ശേരി ∙ ‘..ഈ പോസ്റ്റ് നിങ്ങൾ വായിക്കുമ്പോൾ ഞാൻ ഈ ലോകത്ത് ഉണ്ടാവില്ല. എന്റെ മരണത്തിനു കാരണം കേരളത്തിലെ മോട്ടർവാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ 10 മാസമാണ് ഞാൻ മോട്ടർവാഹന വകുപ്പിന്റെ ഓഫിസുകൾ കയറി ഇറങ്ങിയത്…’ മരണത്തിനു മുൻപു കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി കോട്ടപറമ്പ് ഷൗക്കത്തലി സമൂഹമാധ്യമ പേജിൽ പങ്കുവച്ച കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.
തന്റെ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ടു വിവിധ കുറിപ്പുകൾ ഷൗക്കത്തലി പങ്കുവച്ചിട്ടുണ്ട്. ഓട്ടോയിൽ ചെയ്ത സ്റ്റീൽ വർക്ക് ആണ് ഫിറ്റ്നസ് നിഷേധിക്കാൻ കാരണമായി പറയുന്നതെന്നും എന്നാൽ, കഴിഞ്ഞ നാലു വർഷവും ഫിറ്റ്നസ് അനുവദിച്ച അതേ വാഹനത്തിനു തന്നെയാണു പിന്നീടു യാതൊരു രൂപമാറ്റവും വരുത്താതിരുന്നിട്ടും മോട്ടർവാഹന വകുപ്പ് ഫിറ്റ്നസ് നിഷേധിക്കുന്നതെന്നും രണ്ടു ദിവസം മുൻപുള്ള മറ്റൊരു പോസ്റ്റിൽ ഷൗക്കത്ത് കുറിച്ചിട്ടുണ്ട്. ‘ അടുത്ത ഇര നിങ്ങളാകരുത് എന്നാണെങ്കിൽ മരണത്തിനു ശേഷമെങ്കിലും എനിക്ക് നീതി വാങ്ങിത്തരിക’ എന്നും കുറിപ്പിലുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി എ.ജെ.ജോൺസൺ പറഞ്ഞു.
വീഴ്ച കണ്ടെത്തിയാൽ കർശന നടപടി: ടി.പി.അഷ്റഫലി
കൊണ്ടോട്ടി ∙ കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷൗക്കത്തലിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ടി.പി.അഷ്റഫലി എംഎൽഎ അറിയിച്ചു. തികച്ചും നിർഭാഗ്യകരവും ഏറെ വേദനാജനകവുമായ സംഭവമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തിൽ ഒപ്പം ചേരുന്നു.
വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് എവിടെയാണ് കാലതാമസം ഉണ്ടായതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോ എന്നും ഉന്നതതലത്തിൽ ഉടനടി പരിശോധിക്കും. സാധാരണക്കാർക്കും തൊഴിലാളികൾക്കും സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെയും സുതാര്യമായും ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ വ്യക്തമായ നിലപാട്. ഇതിന് വിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വീഴ്ചകളോ കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.







